ജോഗിങ്ങിനിറങ്ങിയ മലയാളി യുവാവിന് നേരെ വാട്ടര്‍ഫോര്‍ഡില്‍ ക്രൂരമായ ആക്രമണം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: ജോഗിങ്ങിനിറങ്ങിയ മലയാളി യുവാവിന് നേരെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ ജോഗിങിനിറങ്ങിയ മലയാളിക്കാണ് അജ്ഞാതരുടെ ക്രൂരമര്‍ദ്ദനമേറ്റതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.

തിങ്കളാഴ്ച്ച വൈകിട്ടോടെ സെന്റ് ജോണ്‍സ് റിവര്‍ വോക്കിന് സമീപം രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. വൈകിട്ട് 6.35 മുതല്‍ 6.55 വരെയുള്ള സമയത്തിനിടെയാണ് സംഭവം നടന്നതെന്ന് ഗാര്‍ഡ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോഗിങിനിടെ യുവാവിനെ സമീപിച്ച രണ്ട് അജ്ഞാതരായ യുവാക്കള്‍ ചോദ്യങ്ങള്‍ ചോദിച്ചശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. യുവാവിന്റെ കൈകള്‍ക്കും തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കും മുറിവുകളും പരിക്കുകളും സംഭവിച്ചു.

പരുക്കേറ്റ യുവാവിനെ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് ലഭ്യമായ വിവരം. ആംബുലന്‍സ് എത്താന്‍ 40 മിനിറ്റോളം വൈകിയെന്നും മര്‍ദനത്തിന് ശേഷം ഇരയായ യുവാവിനെ കണ്ട ഒരു ഐറിഷ് വനിതയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നുമുള്ള വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഗാര്‍ഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുപത് വയസുള്ള യുവാക്കളാണ് ആക്രമത്തിന് പിന്നിലെന്നാണ് ഗാര്‍ഡിന് ലഭിച്ച സൂചന.

ഒരാള്‍ക്ക് തവിട്ടുനിറമുള്ള മുടിയും താടിയും ഉണ്ടായിരുന്നു എന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അറിവുള്ളവര്‍ വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ സ്റ്റേഷനിലെ ക്രൈം യൂണിറ്റുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനിടെ പരുക്കേറ്റ യുവാവിന്റെ സുഹൃത്തുക്കള്‍ ഡബ്ലിനില്‍ നിന്ന് വാട്ടര്‍ഫോര്‍ഡിലെത്തി ആശുപത്രിയില്‍ ഒപ്പമുണ്ട്. ഡോക്ടര്‍മാര്‍, ഗാര്‍ഡ എന്നിവരുമായി ആശയവിനിമയം നടത്തിയതായി സുഹൃത്തുക്കള്‍ അറിയിച്ചു

ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയുമുണ്ടെന്നുമാണ് പുറത്തു വരുന്ന സൂചനകള്‍. സംഭവത്തെ തുടര്‍ന്ന് കില്ബാരി പാര്‍ക്ക്, പീപ്പിള്‍സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് വ്യായാമത്തിനോ ജോഗിങിനോ പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രദേശത്തെ മലയാളി സമൂഹം മുന്നറിയിപ്പ് നല്‍കി.

 

Top