മാധ്യമപ്രവർത്തകൻ അജു വാരിക്കാട് മാൻവെൽ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു.

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകരിലൊരാളായ അജു വാ രിക്കാട് ഹൂസ്റ്റണിലെ  മാൻവെൽ സിറ്റി കൗൺസിലിലെ പൊസിഷൻ 1 സ്ഥാനത്തേക്ക് മത്സരിക്കുന്നു. പെയർലാണ്ട് നഗരത്തോട് ചേർന്ന് കിടക്കുന്ന മൻവേൽ സിറ്റി അതിവേഗം വളർന്നു  കൊണ്ടിരിക്കുന്ന ഒരു ചെറു നഗരമാണ്. 2010 ൽ ജനസംഖ്യ 5010 മാത്രമായിരുന്നെങ്കിൽ 2020 കണക്കു പ്രകാരം ജനസംഖ്യ 15,111 ആണ്. കഴിഞ്ഞ 4 ടേമുകളായി 12 വർഷങ്ങൾ പൊസിഷൻ 1 അംഗമായി തുടരുന്ന ലാറി ആക്രി യുമായി ശക്തമായ മത്സരമാണ് ഫ്രീലാൻസ് റിപ്പോർട്ടർ കൂടിയായ അജു വാരിക്കാട് കാഴ്ചവയ്ക്കുന്നത്. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ മീഡിയ കമ്മിറ്റിയംഗവും  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അംഗവുമായ അജു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവക അക്കൗണ്ട്സ്  ട്രസ്റ്റിയായും സേവനമനുഷ്ഠിക്കുന്നു.

മെയ് ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഏർലി വോട്ടിംഗ് ഏപ്രിൽ 19 ന് ആരംഭിക്കും. ഏപ്രിൽ 24 വരെ നേരത്തെ വോട്ട് ചെയ്യേണ്ടവർക്ക് വോട്ട് ചെയ്യാവുന്നതാണ്. എ ജോൺ (അജു ജോൺ) എന്ന് അറിയപ്പെടുന്ന അജുവിന്റെ സ്വദേശം തിരുവല്ലയാണ് . 22 വർഷങ്ങൾക്ക് മുൻപ് ഡിട്രോയിറ്റിലേക്ക് കുടിയേറുകയും അവിടെനിന്ന് ജോലിസംബന്ധമായി അറ്റ്ലാൻറായിലേക്കും തുടർന്ന് ഹ്യൂസ്റ്റണിലേക്കും. തിരുവല്ല  എസ്.സി.സെമിനാരി ഹൈസ്കൂളിലേയും മാർത്തോമ കോളേജിലേയും പൂർവ്വ വിദ്യാർത്ഥിയാണ് എ ജോൺ.

ഊർജ്ജ ഉൽപാദന നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ പൂർണസമയ ഉദ്യോഗസ്ഥനാണ് ഏ ജോൺ. അതിനാൽ തന്നെ സിറ്റിയുടെ പ്രാഥമികമായ ആവശ്യങ്ങൾ എന്തൊക്കെയാണെന്നും അത് പരിഹരിക്കുവാനുള്ള ഇച്ഛാശക്തിയും കഴിവും ഏ ജോണിന് കൈമുതലായുണ്ട്. സിറ്റിയുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനും റോഡ് വികസനത്തിനും കൂടുതൽ മികച്ച സംരംഭങ്ങളെ സിറ്റിയിലേക്ക് ആകർഷിക്കുന്നതിനും ഫ്ലഡിങ് ആൻഡ് ഡ്രൈനേജ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുതിർന്ന പൗരന്മാർക്കുള്ള പ്രോപ്പർട്ടി ടാക്സ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ആണ് പ്രാഥമികമായ ശ്രദ്ധ ചെലുത്തുന്നത്.

സിറ്റിയിലെ ഇന്ത്യൻ വോട്ടുകൾ പ്രത്യേകിച്ച് മലയാളി വോട്ടുകൾ   കഴിവതും സമാഹരിച്ചുകൊണ്ട് അജു ജോണിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള ഊർജിത പ്രവർത്തനമാണ് അദ്ദേഹത്തിന്റെ ടീം നടത്തികൊണ്ടിരിക്കുന്നത്.

റിപ്പോർട്ട് : ജീമോൻ റാന്നി

Top