റഗ്ബി ലീഗിനിടെ കുഴഞ്ഞു വീണ പതിനഞ്ചുകാരൻ മരണത്തിലേയക്ക്; ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കി

സ്വന്തം ലേഖകൻ

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിൽ റഗ്ബി ലീഗ് മത്സരത്തിനിടെ കുഴഞ്ഞു വീണു ദിവസങ്ങളായി ആശുപത്രിക്കിടക്കയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരന്റെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കളുടെ അഭ്യർഥന പ്രകാരമാണ് ആശുപത്രി അധികൃതർ ഇപ്പോൾ യുവാവിന്റെ ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിലെ ഗുണ്ടഗായ് ടൈഗേഴ്‌സിൽ നടന്ന റഗ്ബി ലീഗിനിടെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവങ്ങൾ. അപകടത്തിൽ ഗുരുതമായി പരുക്കേറ്റു ബോധരഹിതനായി കളികകളത്തിൽ വീണ കുട്ടിയെ ഉടൻ തന്നെ എയർ ആംബുലൻസിൽ കാൻബെറ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നു കുട്ടിയുടെ ആന്തരികാവയവങ്ങൾക്കു സാരമായി കേടുപാടുണ്ടായി. തുടർന്നു കുട്ടിയെ ഉടൻ തന്നെ ഇന്റൻസീവ് കെയർ യൂണിറ്റിലേയ്ക്കു പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാൽ, രോഗസ്ഥിതി അതീവ ഗുരുതരമായതോടെയാണ് ബന്ധുക്കൾ കുട്ടിയുടെ വെന്റിലേറ്ററും ജീവൻരക്ഷാ ഉപകരണങ്ങളും നീക്കം ചെയ്യാൻ നിർദേശം നൽകിയത്. ഇതേ തുടർന്നു ആശുപത്രി അധികൃതർ വീണ്ടും നടത്തിയ ചർച്ചയിലാണ് ബന്ധുക്കൾ കുട്ടിയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാൻ സമ്മതിച്ചത്. റഗ്ബി ലീഗിനിടയിൽ ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന നിർദേശം ഉയരുന്നതിനിടെയാണ് ഇത്തരത്തിൽ കുട്ടിയ്ക്കു അപകടം ഉണ്ടായി മരണം വരെ സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Top