പുതിയ കാറുകൾക്കു ഉയർന്ന ടാക്‌സ് വരുന്നു: അടുത്ത സാമ്പത്തിക വർഷം വലിയ നികുതി വരുന്നു

സ്വന്തം ലേഖകൻ
ലണ്ടൻ : പുതിയ കാർ വാങ്ങാൻ ഒരുങ്ങുന്നവർ അടുത്ത ശനിയാഴ്ചക്കകം അത് സ്വന്തമാക്കിയാൽ ഉയർന്ന ടാക്‌സ് ഒഴിവാക്കാം. ഏപ്രിൽ 1 മുതൽ വാങ്ങുന്ന പുതിയ കാറുകൾക്ക് മുന്തിയ വാഹന നികുതി ഈടാക്കാനാണ് സർക്കാരിന്റെ തീരുമാനം. അടുത്ത ഞായറാഴ്ച മുതൽ പുതിയ കാർ വാങ്ങുന്നവരെ പിഴിഞ്ഞ് 5 ബില്യൺ പൗണ്ട് നികുതി ഇനത്തിൽ അധികമായി സമാഹരിക്കുന്ന സർക്കാർ ലക്ഷ്യം. അതുകൊണ്ടുതന്നെ പുതിയ കാറുകൾ വാങ്ങാൻ തീരുമാനിച്ച പതിനായിരങ്ങൾ ഈ ആഴ്ച കാർ വാങ്ങാൻ എത്തുമെന്ന് കരുതുന്നു.
ഗ്രീനർ കാറുകൾക്ക് വാഹന ടാക്‌സ് നൽകേണ്ടതില്ലെന്ന നിബന്ധനയും സർക്കാർ മാറ്റി. ഗ്രീനർ കാറുകളായ ടൊയോട്ട പ്രയസ് പോലുള്ള വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദ്യത്തെ ആറു വർഷത്തേക്ക് 665 പൗണ്ട് അടയ്ക്കണം. മലിനീകരണം സാധാ കുറഞ്ഞ ഫാമിലി കാർ വാങ്ങിയാലും നൂറുകണക്കിന് പൗണ്ടാണ് അധികച്ചെലവ്. മലിനീകരണം കുറഞ്ഞ കാറുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടാക്‌സ് നയം .
കാർബൺ ഡയോക്‌സൈഡ് എമിഷൻ അടിസ്ഥാനമാക്കിയുള്ള നിലവിലെ ടാക്‌സ് നയം സർക്കാരിന് നൽകുന്ന പണം കുറഞ്ഞതോടെയാണ് പുതിയ മാറ്റങ്ങൾ. അടുത്ത 5 വർഷം കൊണ്ട് 4.8 ബില്ല്യൺ പൗണ്ട് വരുമാനം നേടാമെന്നാണ് കണക്കുകൂട്ടൽ.
ഏപ്രിൽ 1ന് മുൻപ് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളെ പുതിയ ടാക്‌സ് നയം ബാധിക്കില്ല. വാഹന ടാക്‌സ് കാർബൺ ഡയോക്‌സൈഡ് അടിസ്ഥാനമാക്കി തന്നെയായിരിക്കും തുടരുക. എന്നാൽ ഇത് ആദ്യ വർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും. തുടർന്നുള്ള വർഷങ്ങളിൽ വെഹിക്കിൾ ടൈപ്പ് നോക്കി ഫ്‌ലാറ്റ് റേറ്റാണ് ഈടാക്കുക. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് 140 പൗണ്ട് വാർഷിക നിരക്ക് നൽകേണ്ടിവരും. ടൊയോറ്റ പ്രയസ് പോലുള്ള ഹൈബ്രിഡ് വാഹന ഉടമകൾക്ക് 10 പൗണ്ട് ഡിസ്‌കൗണ്ട് ലഭിക്കും. 40,000 പൗണ്ടിന് മുകളിലുള്ള ആഡംബര വാഹനങ്ങൾക്ക് 310 പൗണ്ട് അധികം നൽകണം. ആദ്യ അഞ്ച് വർഷത്തേക്ക് പ്രതിവർഷം 450 പൗണ്ടായിരിക്കും ഇതോടെ നിരക്ക്. ഇലക്ട്രിക് കാറുകൾ മാത്രം ടാക്‌സ് രഹിതമാകും.
പുതിയ ടാക്‌സ് വർദ്ധനക്കെതിരെ പരക്കെ വിമർശനം ഉയരുന്നുണ്ട്. ഉപഭോക്താക്കളുടെ പോക്കറ്റടിക്കുന്ന തീരുമാനമാണിതെന്നു വാഹന വിപണി വിലയിരുത്തുന്നു. മാത്രമല്ല, ടാക്‌സ് രീതി തെറ്റാണെന്നും മോട്ടോറിംഗ് ക്യാംപെയിൻ വിഭാഗങ്ങൾ പറയുന്നു. വലിയ എഞ്ചിനുളള്ള ചില കാറുകൾക്ക് കുറഞ്ഞ ടാക്‌സും, എമിഷൻ കുറഞ്ഞ കാറുകൾക്ക് കൂടിയ ടാക്‌സും കൊടുക്കേണ്ട സ്ഥിതിയാണെന്നും ഇവർ വ്യക്തമാക്കുന്നു.
Top