കുമ്പസാരം ദൈവത്തോട് സംസാരിച്ചാകണം ! വൈദികനില്ലാത്ത കുമ്പസാരത്തിന് മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാൻ സിറ്റി: അനുരജ്ഞന കൂദാശ സ്വീകരിക്കാൻ വൈദികനില്ലാത്തപക്ഷം നിങ്ങൾ ദൈവത്തോട് സംസാരിക്കണം. സത്യം തുറന്നുപറയണം. പൂര്‍ണ്ണ ഹൃദയത്തോടുംകൂടെ പശ്ചാത്താപത്തോടെ മാപ്പപേക്ഷിക്കണം. നിലവിലെ സാഹചര്യങ്ങൾ മാറുമ്പോൾ കുമ്പസാരിക്കുമെന്ന് ദൈവത്തിന് വാക്കു നൽകണമെന്നും അപ്പോള്‍ തത്സമയം ദൈവ കൃപ ഒഴുകുമെന്നും പാപ്പ വ്യക്തമാക്കി. രോഗബാധ മൂലം ക്ലേശിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും വീട്ടിൽ നിന്നുപോലും പുറത്തിറങ്ങാൻ സാധിക്കാത്തവർക്കും കുമ്പസാരത്തില്‍ പങ്കെടുക്കാതെ തന്നെ പൊതു ദണ്ഡവിമോചനം നൽകാൻ രൂപതാധ്യക്ഷന് സാധിക്കുമെന്ന് പാപമോചനത്തെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന വത്തിക്കാന്റെ അപ്പസ്തോലിക്ക് പെനിറ്റൻഷറി ഇന്നലെ പുറപ്പെടുവിച്ച ഡിക്രിയില്‍ വ്യക്തമാക്കിയിരിന്നു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ദേവാലയ ശുശ്രൂഷകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ വൈദികനില്ലാതെ എങ്ങനെ അനുരജ്ഞന കൂദാശ നടത്താമെന്ന് വിശദീകരിച്ച് പാപ്പ. സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ് വിശ്വാസി സമൂഹം അനുഭവിക്കുന്ന കടുത്ത പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള നിര്‍ദ്ദേശം പാപ്പ മുന്നോട്ടുവെച്ചത്. ഒരു വൈദികനില്ലാതെ എങ്ങനെ അനുരജ്ഞനപ്പെടുമെന്നായിരിക്കും ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നതെന്ന വാക്കുകളോടെയാണ് പാപ്പ വിഷയത്തെ കുറിച്ചുള്ള ചിന്ത പങ്കുവെക്കുവാന്‍ ആരംഭിച്ചത്.

Top