മനാമ: ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ അയ്യായിരത്തിൽ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഗൾഫിലെ ആദ്യ കൊറോണ മരണം ബഹ്‌റിൽ റിപ്പോർട്ട് ചെയ്തു. 62 വയസുള്ള ബഹ്‌റിൻ സ്വദേശിയായ സ്ത്രീയാണ് ഇന്ന് മരിച്ചത്. നേരത്തെ തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു ഇവർ. കഴിഞ്ഞമാസമാണ് ഈ സ്‌ത്രീ ഇറാനിൽ നിന്ന് തിരിച്ചെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാനിൽ നിന്ന് നേരിട്ടല്ലാത്ത വിമാനത്തിലാണ് 62 കാരി ബഹ്‌റിനിലെത്തിയത്. അപ്പോൾത്തന്നെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി, വിദഗ്ദ ചികിത്സ നൽകിയിരുന്നു. അതിനാൽത്തന്നെ രാജ്യത്തെ കൂടുതലാളുകളുമായി ഇവർഇടപഴകിയിരുന്നില്ല.അതേസമയം, കൊറോണ ബാധിതരായ ഒരാളുടെയൊഴികെ ബാക്കിയെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 137 പേർക്കാണ് ബഹ്‌റിനിൽ കൊറോണ സ്ഥിരീകരിച്ചത്. അതിൽ 77 പേർ രോഗ മുക്തരായി. രോഗവ്യാപനം തടയുന്നതിന് കർശന നടപടികളാണ് ബഹ്‌റിൻ സ്വീകരിച്ചിരിക്കുന്നത്.