വിന്റര്‍ പ്രതിസന്ധി ഐറിഷ് ആശുപത്രികളെ ദുരിതത്തിലാക്കും

ശൈത്യകാലത്തിന്റെ ആഘാതം ഏറുന്നതോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ ജീവന്റെ സുരക്ഷയേക്കുറിച്ചുള്ള ആശങ്കയുമായി അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ആയിരക്കണക്കിന് രോഗികള്‍ ഈ ശൈത്യകാലത്ത് ട്രോളികളില്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വരും ദിവസങ്ങളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിയുന്നതോടെ നേഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും ജോലി ഇരട്ടിയാകാനാണ് സാധ്യത. എന്നാല്‍ അതിനാവശ്യമായ സ്റ്റാഫുകളുടെ റിക്രൂട്ട്‌മെന്റുകളും, കിടക്കകളുടെയും അഭാവം ദുരിതപൂര്‍വമായ അവസ്ഥയിലേക്കായിരിക്കും ഈ വിന്റര്‍ സീസണില്‍ നയിക്കുക. അധികമായി ചികിത്സ തേടി എത്തുന്ന മുഴുവന്‍ രോഗികളെയും ഉള്‍ക്കൊള്ളാന്‍ എച്ച് എസ് ഇ വേണ്ട തയ്യാറെടുപ്പ് നടത്തിയിട്ടില്ലെന്ന് ഐഎംഒ കുറ്റപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ഐറിഷ് ആശുപത്രികളില്‍ ട്രോളിയിലുള്ള രോഗികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്ക്. കഴിഞ്ഞ വിന്റര്‍ സീസണില്‍ ആശുപത്രി വാര്‍ഡുകളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞതിനാല്‍ ഇടനാഴികളില്‍ ട്രോളികളിലും മറ്റുമായാണ് പലര്‍ക്കും ചികിത്സ നല്‍കിയത്.

വാര്‍ഡുകള്‍ നിറഞ്ഞതിനാല്‍ രോഗികള്‍ക്ക് താല്‍ക്കാലികമായി തയ്യാറാക്കിയ വാര്‍ഡുകളിലാണ് പ്രവേശനം നല്‍കിയത്, ബെഡുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ക്ക് ട്രോളികളില്‍ കാത്തിരിക്കേണ്ടി വന്നത് ദിവസങ്ങളോളമാണ്, നൂറുകണക്കിന് രോഗികള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മുന്നില്‍ ആംബുലന്‍സുകളില്‍ കാത്തിരിക്കേണ്ടതായി വന്നു, ഒട്ടു സുരക്ഷിതമല്ലാത്ത ഈ രീതി മൂലം ചില രോഗികള്‍ മരിച്ച സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. അഞ്ഞുറോളം കണ്‍സള്‍ട്ടന്റ് പോസ്റ്റുകളും ആയിരക്കണക്കിന് ജനറല്‍ പ്രാക്ടീഷന്‍മാരുടെ തസ്തികകളുമാണ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത്.

ഇതിനുപുറമെ ഐറിഷ് ആശുപത്രികളില്‍ അടിയന്തിരമായി 2,650 കിടക്കകളും ആവശ്യമായിട്ടുണ്ടെന്ന് IMO വ്യക്തമാക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തിര നിക്ഷേപങ്ങള്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്നലെത്തെ INMO കണക്കുകള്‍ പ്രകാരം 403 രോഗികളാണ് ആശുപത്രി ട്രോളികളില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്.

ലീമെറിക്ക് യുണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് കാര്യങ്ങള്‍ ഏറ്റവും പരിതാപകരം. 55 രോഗികളാണ് ഇവിടെ ട്രോളികളിലുള്ളത്. ശൈത്യം രൂക്ഷമാകുന്നതോടെ ആശുപത്രികളിലെ തിരക്ക് വര്‍ധിച്ചത് മൂലം പതിവ് ശസ്ത്രക്രിയകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ തീരുമാനം HSE കൈക്കൊണ്ടിരുന്നു. കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും രോഗികളെ പരിചരിക്കുന്നതിന് ലഭ്യമാക്കുന്നതിനായാണ് അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന നിര്‍ദേശം HSE കൊടുക്കാന്‍ സാധ്യതയുള്ളത്. വിന്റര്‍ പ്രതിസന്ധിയെ നേരിടാന്‍ HSE യുമായി ചേര്‍ന്ന് അടിയന്തിര നടപടികള്‍ ആലോചിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 240 അധിക കിടക്കകള്‍  അനുവദിച്ചിട്ടുണ്ടെന്നും വിന്റര്‍ പ്രതിസന്ധി മുന്നില്‍കണ്ട് 79 അധിക കിടക്കകള്‍ ഒരുക്കനാണ് തീരുമാനമെന്നും ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ സൂചിപ്പിച്ചു. വരും വര്‍ഷങ്ങളിലെ വിന്റര്‍ പ്രതിസന്ധി മുന്നില്‍കണ്ട് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി 10 മില്യണ്‍ യൂറോ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ആരോഗ്യ സംരക്ഷണം നല്‍കുന്നതുനുള്ള നടപടിക്രമങ്ങളും ആലോചിച്ചു വരികയാണ്.

Top