ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം ബ്രിട്ടനിൽ മരിച്ച നിലയിൽ..ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം

ലണ്ടൻ:ഇന്ത്യൻ ദമ്പതിമാരെയും മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെയും ബ്രിട്ടനിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.വെസ്റ്റ് ലണ്ടൻ ബ്രെന്റ്ഫോർഡിൽ താമസിക്കുന്ന കുഹാരാജ് സിതംബരനാഥൻ (42), ഭാര്യ പൂർണ കാമേശ്വരി ശിവരാജ് (36), മകൻ കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

കുടുംബത്തെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാൽ ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനു പിന്നാലെയാണ് പ്രാദേശിക സമയം തിങ്കളാഴ്ച അർധരാത്രിയോടെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്.വീടിനകത്ത് പ്രവേശിച്ചപ്പോൾ കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയിൽ കുഹാരാജും സമീപത്തുണ്ടായിരുന്നു. അൽപ്പസമയത്തിനുശേഷം ഇയാളും മരിച്ചു.

സെപ്റ്റംബർ 21 മുതൽ ദമ്പതിമാരെ വീടിന് പുറത്ത് കണ്ടിട്ടില്ലെന്നാണ് സമീപവാസികളുടെ മൊഴി. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെക്കുറിച്ചും അന്വേഷണം നടത്തുന്നില്ലെന്നും പോലീസ് ..കൊലപാതകക്കേസിലാണ് അന്വേഷണം നടക്കുന്നതെന്നും പോലീസ് പറഞ്ഞു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി..

Top