ആരോഗ്യ ഭവന മേഖലകളിലെ പ്രതിസന്ധി സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യ, ഭവന, വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധ ചെലുത്തണമെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട്. ഈ മേഖലകളിലെ പ്രതിസന്ധി അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഗവണ്മെന്റിന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. പൊതുനിക്ഷേപങ്ങളുടെ അഭാവം പബ്ലിക് സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തന പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് തങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആരോഗ്യ, ഭവന മേഖലകളിലുള്‍പ്പെടെ രാജ്യം നേരിടുന്ന സാമൂഹിക പ്രതിസന്ധികള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയമാകുന്നുവെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ടിന്റെ തലവന്‍ ഡോ. സീന്‍ ഹീലി അഭിപ്രായപ്പെട്ടു. ഭവന രഹിതരുടെ എണ്ണം പതിനായിരം കവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതില്‍ 3,600 റോളം കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നുണ്ട്.

സോഷ്യല്‍ ഹൌസിങ്ങിന് വേണ്ടിയുള്ള വെയിറ്റിങ് ലിസ്റ്റിന്റെ എണ്ണം 87,000 കുടുംബങ്ങള്‍ കവിഞ്ഞു. അടിയന്തിരമായി പരിഹാരം കാണേണ്ട പ്രതിസന്ധിയാണിത്. മോര്‍ട്ടഗേജ് മേഖലയിലും ഗവണ്മെന്റിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് സോഷ്യല്‍ ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മോര്‍ട്ടഗേജ് ഉയര്‍ന്നിട്ടുണ്ടെന്ന് റിസര്‍ച്ച് ആന്‍ഡ് പോളിസി അനലിസ്റ്റ് കോളേറ്റ് ബെനറ്റ് അവകാശപ്പെടുന്നു. അയര്‍ലന്‍ഡിലെ കുറഞ്ഞ വേതന നിരക്കും ജീവിത നിലവാരവും പരസ്പരം വൈരുദ്ധ്യമേറിയതാണെന്നും സോഷ്യല്‍ ജസ്റ്റിസ് അയര്‍ലന്‍ഡ് വ്യക്തമാക്കുന്നു.

രാജ്യത്ത് ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേര്‍ കുറഞ്ഞ വേതന നിരക്കില്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ശരാശരി വേതനത്തില്‍ ജോലി ചെയ്യുന്ന മുപ്പതു ശതമാനത്തിനു പോലും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അയര്‍ലണ്ടിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധിയാണ് അടിയന്തിര പരിഹാരം കാണേണ്ട മറ്റൊരു പ്രശ്‌നം. മിക്ക ആശുപത്രികളും മതിയായ സ്റ്റാഫുകളുടെ അഭാവം പ്രശ്നം രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഐറീഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ടിലെ ഒരു മറ്റേണിറ്റി ഹോസ്പിറ്റലിലും രോഗികളുടേയും നഴ്സുമാരുടേയും അനുപാതം അന്തര്‍ദേശീയ നിലവാരത്തിനടുത്ത് എത്തിയിട്ടില്ലെന്ന് ഐഎന്‍എംഒ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. രാജ്യത്തുള്ള 19 മറ്റേണിറ്റി ഹോസ്പിറ്റലുകളിലും നിര്‍ദേശിച്ചിരിക്കുന്ന അനുപാതത്തിലും താഴെയാണ് രോഗി- നഴ്സ് എണ്ണം.

Latest
Widgets Magazine