മഞ്ഞ് വീഴ്ച കനക്കുന്നു; അയര്‍ലണ്ടില്‍ ഈ ആഴ്ച കാലാവസ്ഥ അതിശൈത്യത്തിലേക്ക്; തണുത്തുറഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങളും

ഈ ആഴ്ച അയര്‍ലണ്ടില്‍ മഞ്ഞ് വീഴ്ച പരിധികടക്കുമെന്നു കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ശക്തമായ മഞ്ഞ് വീഴ്ചയില്‍ മൈനസ് മൂന്ന് ഡ്രിഗ്രി വരെ താപനില താഴാനും സാധ്യതയുണ്ട്. ഹിമപാതത്തില്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകാനും ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. ഗതാഗത തടസം, പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തെക്ക് പടിഞ്ഞാറന്‍ ശൈത്യകാറ്റില്‍ ഇന്ന് രാത്രി താപനില 1 മുതല്‍ 4 ഡിഗ്രി വരെ താഴാം.

ബുധനാഴ്ചയും മഞ്ഞ വീഴ്ച ഉണ്ടാകുകയും ഇത് വാരാന്ത്യം വരെ തുടരുകയും ചെയ്യും. രാജ്യത്ത് മുഴുവനായി ഈ ആഴ്ച മഞ്ഞ് വീഴ്ച ശക്തമാകുമെന്ന് മെറ്റ് ഏറാന്‍ നേരത്തെ പ്രവചിച്ചിരുന്നു. കടുത്ത മഞ്ഞ് അയര്‍ലണ്ടില്‍ മാത്രമല്ല യൂറോപ്പില്‍ എല്ലായിടത്തും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആര്‍ട്ടിക്കില്‍ നിന്നും കാറ്റ് വീശുന്നത് ശക്തമായതിനെ തുടര്‍ന്ന് മഞ്ഞ് വീഴ്ചയുടെ ശക്തിയും ഏറി വരികയാണ്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും തണുപ്പ് കൂടുന്നത് മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പും രേഖപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രിയില്‍ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴാം. അയര്‍ലന്റിന് പുറമേ യൂറോപ്പിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കനത്ത മഞ്ഞും, മഴയും ശക്തമായിട്ടുണ്ട്. റോഡുകളില്‍ ബ്ലാക്ക് ഐസ് ഉണ്ടായേക്കാവുന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഭൂരിഭാഗം സര്‍വീസുകളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായി ഡബ്ലിന്‍ ബസ് അറിയിച്ചു. ചില റൂട്ടുകളില്‍ തടസം നേരിട്ടേക്കാം. വാഹനവുമായി പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പു നല്‍കുന്നുണ്ട്. കനത്ത മഞ്ഞ് റോഡിലെങ്ങും ഉള്ളതിനാല്‍ മുന്നിലുള്ള കാഴ്ച പോലും മറയ്ക്കുന്നുണ്ട്. ഈ സമയത്ത് ഡ്രൈവിങ് ഏറെ അപകടകരമാണെന്നാണ് പറയുന്നത്. ഹെഡ് ലൈറ്റ് ഡിം ചെയ്ത്, ഫോഗ് ലൈറ്റ് ഓണാക്കി, മുന്നിലുള്ള വാഹനവുമായി കൃത്യം അകലം പാലിച്ചു മാത്രമേ വാഹനമോടിക്കാവൂ.

കഴിവതും കുറച്ചു വേഗതയില്‍ മാത്രം വാഹനം ഓടിക്കുക. അത്യാവശ്യമില്ലെങ്കില്‍ സൈക്കിളിലും മറ്റുമുള്ള യാത്രയും കാല്‍നടയും ഒഴിവാക്കുക. കടുത്ത മഞ്ഞ് രാജ്യത്തെ റോഡ്-റെയില്‍- ഫെറി- വ്യോമഗതാഗത സംവിധാനങ്ങളെ ബുദ്ധിമുട്ടിലാക്കിയേക്കാമെന്ന മുന്നറിയിപ്പും ശക്തമാണ്. വൈമാനികരുടെയും എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാരുടെയും കാഴ്ചയെ പരിമിതപ്പെടുത്തുന്നതിനാല്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിലും ടേക്ക് ഓഫിലും സമയനിഷ്ഠ പാലിക്കാന്‍ സാധിക്കില്ല. കൊടും തണുപ്പില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉടനെയൊന്നും മോചനമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇത്തരം പ്രതികൂലമായ കാലാവസ്ഥ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് യൂറോപ്പിലാകമാനം മരിച്ചവരുടെ എണ്ണം 21 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ സ്വിറ്റ് സര്‍സണ്ടിലെ റസ്റ്റോറന്റിന് മുകളിലേക്ക് കൂറ്റന്‍ മഞ്ഞ് മല ഇടിഞ്ഞ് വീണതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. അപകടകരമായ കാലാവസ്ഥയില്‍ സൈക്ലിംഗിനിടയില്‍ മരിച്ചവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. താപനില മൈനസ് 23 വരെ ആയതോടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. വരും ദിനങ്ങളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് എല്ല് മരവിപ്പിക്കുന്ന കൊടും തണുപ്പാണെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമെ ഈ ആഴ്ച ആദ്യം യൂറോപ്പിലാകമാനം മറ്റ് 17 പേര്‍ കൂടി കടുത്ത തണുപ്പിനെ തുടര്‍ന്നും മഞ്ഞിടിഞ്ഞുള്ള അപകടങ്ങളെ തുടര്‍ന്നും മരിച്ചിരുന്നു. മഞ്ഞ് മലയിടിയുമെന്ന കടുത്ത മുന്നറിയിപ്പ് യൂറോപ്പിലാകമാനം ഉയര്‍ത്തിയിട്ടുണ്ട്. കടുത്ത മഞ്ഞിനെ തുടര്‍ന്ന് റെഡ് വെതര്‍ അലേര്‍ട്ട് വിവിധയിടങ്ങളില്‍ ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയുടെ മധ്യം വരെ കടുത്ത മഞ്ഞ് നിലനില്‍ക്കുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്. പ്രതികൂലമായ കാലാവസ്ഥ ഏറ്റവും മൂര്‍ധന്യത്തിലെത്തിയിരിക്കുന്ന തെക്കന്‍ ജര്‍മനിയുടെ മിക്ക ഭാഗങ്ങളിലും എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മൗണ്ടയിന്‍ ഗസ്റ്റ് ഹൗസില്‍ ഓസ്ട്രിയന്‍ മിലിട്ടറി ഹെലികോപ്റ്ററുകള്‍ 66 ജര്‍മന്‍ കൗമാരക്കാരെ രക്ഷിച്ചിരന്നു. ഇവര്‍ നിരവധി ദിവസങ്ങളായി ഇവിടെ മഞ്ഞില്‍ പെട്ട് കിടക്കുകയായിരുന്നു.

പ്രതികൂലമായ കാലാവസ്ഥയെ നേരിടാന്‍ അല്‍ബേനിയയില്‍ ഏതാണ്ട് 2000 സൈകനികരെയും മറ്റ് എമര്‍ജന്‍സി വര്‍ക്കര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സെര്‍ബിയയില്‍ നിരവധി ടൗണുകളും സിറ്റികളും കടുത്ത മഞ്ഞിലകപ്പെട്ടതിനാല്‍ ഇവിടെ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ യൂറോപ്പിലാകമാനം കൊടും തണുപ്പും ഹിമപാതവും മൈനസ് 24 ഡിഗ്രി താപനിലയും സംജാതമായത്. അയര്‍ലണ്ടില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ കടുത്ത രീതിയില്‍ ബാധിക്കുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. സെര്‍ബിയയില്‍ നിന്നുമെത്തുന്ന തണുത്ത വായു പ്രവാഹം അഥവാ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് വരുന്ന ദിവസങ്ങളില്‍ അയര്‍ലണ്ടിനെ വിറപ്പിക്കുമെന്നാണ് പ്രവചനം.

Top