കാണാതായ സ്ത്രീയ്ക്കു വേണ്ടി തിരച്ചിൽ: കൊമേറാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിൻ: കൊ വാട്ടർഫോർഡിൽ കൊമേറാഗ് മലനിരകളിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാണാതായ യുവതിയ്ക്കു വേണ്ടിയുള്ള ഗാർഡാ സംഘത്തിന്റെ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഗില്ലിയൻ റിയാൻ (37) എന്ന യുവതിയുടെ മൃതദേഹമാണ് ഇപ്പോൾ മല നിരകളിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി രണ്ടുമണിയോടെയാണ് ഇവരെ കാണാതായത്. തുടർന്നു, എമർജൻസി സർവീസ് സംഘം പരിശോധന നടത്തുകയായിരുന്നു. വൈകിട്ട് മൂന്നു മണിയയിട്ടും ഇവരെപ്പറ്റി വിവരം ലഭിക്കാതെ വന്നതോടെ ഭർത്താവ് തന്നെ ഗാർഡാ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗാർഡാ സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ടൂർലെസ് ഏരിയയിൽ നിന്നുള്ള ഇവർ മൗണ്ടനിയറിംങ്ങിന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നാണ് സംശയിക്കുന്നത്. അധികം പ്രസിദ്ധമല്ലാത്ത ഈ സ്ഥലം മലനിരകൾ കയറുന്നവരുടെയും ഹിൽ വാക്കർമാരുടെയും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്.

തിങ്കളാഴ്ച ഇവിടെ തിരച്ചിൽ ആരംഭിച്ചെങ്കിലും കാര്യമായ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. രക്ഷാ പ്രവർത്തകർ കരുതിയിരുന്നത് ഇവർ പരിക്കുകളോടെ മലനിരകളുടെ ഭാഗത്തുണ്ടാകുമെന്നും ഇവരെ രക്ഷപെടുത്താൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇവരെ രക്ഷപെടുത്താൻ സാധിച്ചില്ല. പരിശോധന സംഘം എത്തിയപ്പോൾ ലഭിച്ചത് ഇവരുടെ മൃതദേഹമാണ്.

Top