അയർലണ്ടിലെത്തി മൂന്നാം ദിനം മരണത്തെ പുൽകി .കില്‍ഡെയറിലെ മലയാളി യുവാവിന്റെ മരണത്തില്‍ ഞെട്ടലോടെ പ്രവാസി മലയാളികള്‍

ഡബ്ലിന്‍: മരണം കള്ളനെപ്പോലെ തന്നെ വന്നു .അയർലണ്ടിൽ എത്തിയ മൂന്നാം ദിനം പ്രവാസികളെ ഞടുക്കത്തിലാക്കി മലയാളി യുവാവിന് ആകസ്മിക മരണം .കോട്ടയം സ്വദേശിയായ കില്‍ഡയര്‍ കൗണ്ടിയിലെ കില്‍കോക്കില്‍ താമസിക്കുന്ന മലയാളി മനോജ് സക്കറിയ (47)ആണ് മരണപ്പെട്ടത്. മനോജ് നാട്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയിട്ട് 3 ദിവസങ്ങള്‍ മാത്രമേ ആയുള്ളു. കോട്ടയം പാമ്പാടി കൂരോപ്പട സ്വദേശിയാണ്.

ഏതാനും ദിവസമായി പനി ബാധിതനായിരുന്നു. ഹെവന്‍ലി ഫീസ്റ്റ് മിനിസ്റ്ററി വിശ്വാസിയാണ്. ഇന്നലെ രാത്രി കിടന്നുറങ്ങിയ മനോജ് ഉണര്‍ന്ന് വെള്ളം കുടിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് മനോജ് സക്കറിയയുടെ കുട്ടികള്‍ തൊട്ടടുത്ത മലയാളി നേഴ്‌സിന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ എത്തി സി.പി.ആര്‍ കൊടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനോജിന് ന്യുമോണിയ ബാധിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഡിസംബര്‍ 27-ന് ആദ്യമായി അയര്‍ലണ്ടില്‍ എത്തിയതായിരുന്നു മനോജ് സക്കറിയ. വിമാനത്തില്‍ വെച്ചും ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പറയപ്പെടുന്നു. മനോജിന്റെ ഭാര്യ ഷിജിമോള്‍ തോമസ് കില്‍കോക്കിലെ പാര്‍ക്ക് ഹോബ്‌സ് നേഴ്‌സിങ് ഹോമിലെ നേഴ്‌സിങ് ജീവനക്കാരിയാണ്. രണ്ട് മക്കളുണ്ട്, മകള്‍ മീഖാ എലിസബത്ത്, മകന്‍ ഫാബിയോ.6 മാസം മുന്‍പ് മാത്രമാണ് ഷിജിയും അയര്‍ലണ്ടില്‍ എത്തിയത്. ഗാര്‍ഡ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Top