മലയാളികളുടെ ഭവനങ്ങള്‍ ലക്ഷ്യമിട്ട് മോഷ്ടാക്കള്‍

അയര്‍ലണ്ടില്‍ ഏറ്റവുമധികം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലീമെറിക്ക് മേഖലയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മോഷണം നടന്നത് അഞ്ച് മലയാളി വീടുകളില്‍. വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയില്‍  രാത്രിയില്‍ ആളില്ലാത്ത വീടുകളില്‍ നടന്നിരുന്ന മോഷണം കവര്‍ച്ചയിലേക്ക് വഴിമാറുന്നു എന്നത് തീര്‍ത്തും ആശങ്കാജനകം തന്നെയാണ്.

കുട്ടികളെയും മറ്റും തനിച്ചാക്കി പുറത്തുപോകാന്‍പോലും കഴിയാത്ത സാഹചര്യമാണ് ഈ സംഭവങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ മേഖലയിലെ പ്രദേശവാസികളും മലയാളി സമൂഹവും ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. ഗാര്‍ഡ സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും ഇനിയും പ്രതികളെ പിടിക്കാനായിട്ടില്ല. സാധാരണ ഇത്തരം സംഭവങ്ങളില്‍ ചെയ്യുന്നതുപോലെ ക്രൈംനമ്പര്‍ നല്‍കി അന്വേഷണ പുരോഗതി അറിയിക്കാമെന്ന വാഗ്ദാനം മാത്രമാണ് പൊലീസിന്റെ ഭാഗത്തുനുന്നുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതലും സ്വര്‍ണ്ണം ലക്ഷ്യം വെച്ചുകൊണ്ട് മലയാളികളുടെ വീടുകളില്‍ മോഷണം നടന്നിട്ടും ഒരു കേസിലും പ്രതികളെ പിടിക്കാന്‍ പോലീസിനായിട്ടില്ല . മറ്റൊരു സംഭവത്തില്‍ വീട്ടിലെത്തിയ മോഷ്ടാക്കള്‍ ജനാലച്ചില്ല് തകര്‍ത്ത് അകത്ത് കടക്കുകയും മോഷണശ്രമം നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സമീപത്തുള്ളവര്‍ കണ്ടെന്നു മനസിലാക്കിയ മൂവര്‍ സംഘം ഉടന്‍ സ്ഥലം വിട്ടു. കാറില്‍ സഞ്ചരിച്ചാണ് ഇവര്‍ വീടുകള്‍ നോട്ടമിടുന്നത്. ഏഷ്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഏറെ സ്വര്‍ണം ഉപയോഗിക്കുന്നവരാണെന്ന് മോഷ്ടാക്കള്‍ മനസിലാക്കിയിട്ടുണ്ട്. നേരത്തെ നഗര പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കള്‍ ഇത്തരത്തില്‍ മലയാളി വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക മേഖലകളിലേക്കും മോഷ്ടാക്കളുടെ സൈ്വരവിഹാരം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ മറ്റു ചെറു നഗരങ്ങളില്‍നിന്നാണ് ഇത്തരം മോഷണവാര്‍ത്തകള്‍ ഏറെയും. ഇത് പതിവായതോടെ ഈ പ്രദേശങ്ങളിലെ മലയാളികള്‍ ആരുംതന്നെ വലിയതോതില്‍ സ്വര്‍ണവും പണവും വീട്ടില്‍ സൂക്ഷിക്കാതെയായിട്ടുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലെല്ലാം നിരവധി മോഷണങ്ങളാണ് അടുത്തിടെ നടന്നത്. ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ മോഷണത്തിനായി എളുപ്പത്തില്‍ ആക്രമണം നടത്താന്‍ കഴിയുന്ന ഉള്‍പ്രദേശങ്ങളെ ലക്ഷ്യമിടുകയും രാജ്യത്തെ മോട്ടോര്‍വേ സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഇവര്‍ മിക്കപ്പോഴും അതിവേഗ കാറുകളാണ് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്നത്.

ഗാര്‍ഡയുടെ വാഹനത്തേക്കാള്‍ സ്പീഡ് കൂടുതലുള്ളതിനാല്‍ ഗാര്‍ഡ പിന്തുടര്‍ന്നാലും മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്യും. അപൂര്‍വമായി പിടിക്കപ്പെട്ട മോഷണക്കേസുകളിലെല്ലാം തന്നെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പ്രതികളായിട്ടുള്ളത്. മൂന്നോ നാലോ പേരടങ്ങുന്ന ഇവര്‍ സംഘംചേര്‍ന്ന് ഏഷ്യക്കാരെ ലക്ഷ്യമിട്ട് മോഷണം നടത്തിവരികയാണ്. ഇവരുടെ ഇരകളായ മലയാളികളും നിരവധിയാണ്. സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുക മാത്രമല്ല മോഷണത്തിനിടെ കുടുംബാംഗങ്ങള്‍ ആക്രമണത്തിനിരയാകുകയും ചെയ്യാറുണ്ട്. അതിനാല്‍ മോഷണത്തെ നേരിട്ട് തടയാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

മോഷണം ചെറുക്കാന്‍ ശ്രമിച്ച് ഗുരുതരമായി പരുക്കേറ്റവരും നിരവധിയുണ്ട്. മോഷ്ടാക്കളെ പിടിക്കാന്‍ ശ്രമിക്കുന്നതിന് പകരം എത്രയും വേഗം ഗാര്‍ഡയെ വിവരമറിയിക്കുകയാണ് വേണ്ടത്. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചാല്‍ മര്‍ദിച്ച് അവശനാക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോഷണവും ഭവനഭേദനവും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മലയാളി സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

Top