ജി.കാർത്തികേയനെ ദമ്മാം ഒ ഐ സി സി അനുസ്മരിച്ചു

ദമ്മാം: മുൻ മന്ത്രി ജി കാർത്തികേയൻറെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് ഒ ഐ സി സി ദമ്മാം റീജ്യൺ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി.കാർത്തികേയൻ അനുസ്മരണം സംഘടിപ്പിച്ചു. കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെ വളർന്ന ജി കാർത്തികേയൻ കോൺഗ്രസ്സ് പാർട്ടിയിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന ആർജ്ജവമുള്ള നേതാവായിരുന്നുവെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ് റാവുത്തർ പറഞ്ഞു. സ്ഥാനമാനങ്ങൾക്കുവേണ്ടി തൻറെ നിലപാടുകളിൽ നിന്ന് അദ്ദേഹം ഒരിക്കലും വ്യതിചലിച്ചിരുന്നില്ലായെന്നതാണ് ജി കെ യുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം അനുസ്മരിച്ചു.

നിയമസഭാ സാമാജികൻ, മന്ത്രി, സ്പീക്കർ, പാർട്ടിയുടെ വിവിധ തലങ്ങളിൽ വഹിച്ച ഭാരവാഹിത്വങ്ങൾ എന്നിവയിലൊക്കെ മികച്ച പ്രാഗൽഭ്യം തെളിയിച്ച നേതാവായിരുന്നു ജി.കാർത്തികേയനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ.സലിം പറഞ്ഞു. നിയമസഭാ സ്പീക്കറെന്ന നിലയിൽ അദ്ദേഹത്തെ പ്രതിപക്ഷം പോലും ഏറെ ആദരവോടുകൂടിയാണ് കണ്ടിരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിയസഭക്കകത്ത് ശക്തമായ വാഗ്വാദങ്ങൾ നടക്കുമ്പോൾ, അത് അച്ചടക്കത്തിൻറെ സീമകൾ ലംഘിക്കാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും നിയമസഭാ നടപടിക്രമങ്ങളിൽ ഒട്ടേറെ ശ്രദ്ധേയമായ റൂളിംഗുകൾ നൽകിയ സ്പീക്കറായി തൻറെ കയ്യൊപ്പ് ചാർത്തിയ ജി കെ യുടെ അകാലത്തിലുള്ള വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമായിരുന്നുവെന്നും ഇ.കെ.സലിം അനുസ്മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ ഐ സി സി ദമ്മാം റീജ്യൺ തിരുവനതപുരം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നിസാർ ചെമ്പകമംഗലം അദ്ധ്യക്ഷത വഹിച്ചു. റീജ്യണൽ കമ്മിറ്റി ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി, അബ്ദുൽ സലാം, സുരേഷ് മണ്ണറ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് ലാൽ അമീൻ സ്വാഗതവും ട്രഷറർ മാത്യു കളത്തിൽ പറമ്പിൽ നന്ദിയും പറഞ്ഞു. സി വി രാജേഷ്, ശ്രീനാഥ്‌, അബ്ദുൾ ഹസീം, നവാസ് ബദറുദ്ദീൻ, ഇഖ്ബാൽ തുടങ്ങിയവർ സംബന്ധിച്ചു.

Top