അമേരിക്കയില്‍ മലയാളി നേഴ്‌സിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി!17 തവണ കുത്തിയശേഷം ശരീരത്തിൽ വാഹനമോടിച്ചു കയറ്റി!..മരിച്ചത് കോട്ടയം സ്വദേശിനി മെറിന്‍ ജോയി

ഫ്‌ളോറിഡ:അമേരിക്കയില്‍ ഫ്‌ളോറിഡയിൽ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായ മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയാണ്. രാവിലെ ഏഴരയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്.

നേഴ്‌സിനെ കുത്തിക്കൊലപ്പെടുത്തിയത്‌ ഭർത്താവ് നെവിൻ എന്ന് വിളിക്കപ്പെടുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ്പ് മാത്യു ആണെന്ന് പ്രാഥമിക വിവരം. കഴിഞ്ഞ ഡിസംബറിൽ കുഞ്ഞുമായി നാട്ടിലെത്തിയ മെറിനും നെവിനും നാട്ടിൽ വച്ച് അസ്വാരസ്യമുണ്ടാവുകയും നെവിൻ വഴക്കിട്ട് നേരത്തെ തിരിച്ചു പോരുകയും ചെയ്തു. മെറിൻ കുഞ്ഞിനെ മാതാപിതാക്കളോടൊപ്പം ആക്കിയിട്ട് മയാമിയിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

ഡെട്രോയിറ്റിൽ ജോലി ചെയ്തിരുന്ന നെവിൻ ഇന്നലെ മയാമിയിൽ എത്തി ഹോട്ടലിൽ റൂം എടുക്കുകയായിരുന്നു. കോറൽ സ്പ്രിംഗ്സിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ മെറിൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കാർ പാർക്കിങ്ങിൽ കാത്തു നിന്ന നെവിൻ മെറിനെ ആക്രമിക്കുകയായിരുന്നു. 17 തവണ കത്തി കൊണ്ട് കുത്തിയശേഷം നിലത്തുവീണുകിടന്ന ഭാര്യയുടെ ശരീരത്തിൽ വാഹനമോടിച്ചു കയറ്റി അതിക്രൂരമായാണ് മെറിനെ നെവിൻ കൊലപ്പെടുത്തിയത്.

മെറിൻ ഈ ഹോസ്പിറ്റലിൽ നിന്നും ജോലി രാജി വച്ച് ആഗസ്റ്റ് 15 ന് താമ്പയിലേക്ക് താമസം മാറാൻ ഇരിക്കെയാണ് സംഭവം. ഇപ്പോൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്.കൃത്യത്തിനു ശേഷം കാർ ഓടിച്ചു ഹോട്ടൽ റൂമിലെത്തിയ നെവിനെ പോലീസ് എത്തി അറസ്റ്റു ചെയ്തതായാണ് വിവരം.

Top