മൃതദേഹം എവിടെയെന്ന് ഇനിയും വെളിപ്പെടുത്താതെ സൗദി

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മാസം ഒന്നായി. അന്താരാഷ്ട്ര സമ്മര്‍ദം അതി ശക്തമായിട്ടും മൃതദേഹം എന്തുചെയ്തുവെന്നോ എവിടേയെന്നോ ഉള്ളതിന് തൃപ്തികരമായൊരു ഉത്തരം സൗദി ഇതുവരെ ലോകത്തിന് നല്‍കിയിട്ടില്ല. വിവാഹത്തിന് ആവശ്യമായ രേഖകള്‍ക്കായി ഒക്ടോബര്‍ 2ന് കോണ്‍സുലേറ്റിലേക്കെത്തിയ ജമാല്‍ ഖഷോഗി പിന്നീട് പുറംലോകം കണ്ടില്ല. രണ്ടാഴ്ച നീണ്ടു നിന്ന ഒളിച്ചുകളിക്ക് ശേഷം ഒക്ടോബര്‍ 20നാണ് സൗദി കൊലപാതകം സ്ഥിരീകരിച്ചത്. കോണ്‍സുലേറ്റിനകത്ത് ഖഷോഗി കൊല്ലപ്പെട്ടെന്ന് തുര്‍ക്കി തുടക്കം മുതലേ പറഞ്ഞു.

എന്നാല്‍ ഖഷോഗി കോണ്‍സുലേറ്റില്‍ നിന്നും പുറത്തുപോയിരുന്നു എന്നായിരുന്നു സൗദിയുടെ വാദം. ഖഷോഗിക്ക് എന്തുസംഭവിച്ചെന്നതില്‍ ദിവസങ്ങളോളം അഭ്യൂഹം തുടര്‍ന്നു. സൗദിയില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയ 15 അംഗ കില്ലിംഗ് സ്‌ക്വാഡാണ് കൊലപാതകം നടത്തിയതെന്ന് തുര്‍ക്കി ആരോപണം കടുപ്പിച്ചു. തുര്‍ക്കിക്ക് പുറമെ ബ്രിട്ടണ്‍ അടക്കമുള്ള ലോകരാജ്യങ്ങളും സൗദിക്കെതിരെ സംസാരിച്ചു തുടങ്ങി. കോണ്‍സുലേറ്റില്‍ വച്ചുണ്ടായ പിടിവലിക്കിടെ ഖഷോഗി കൊല്ലപ്പെട്ടു എന്നായിരുന്നു വിശദീകരണം.

അന്വേഷണം പ്രഖ്യാപിച്ച സൗദി 18 പേരെ അറസ്റ്റ് ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് കൊലപാതത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും വിശദീകരിച്ചു. എന്നാല്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വിടാന്‍ തയ്യാറായിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുമായി നിരന്തരം സൗദി ഭരണകൂടത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. തുടക്കത്തില്‍ മൃദു സമീപനം സ്വീകരിച്ച അമേരിക്കയും പിന്നീട് സൗദിയെ കൈവിട്ടു. ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കൊലപാതക മൂടിവയ്പ്പാണ് ഇതെന്ന് ട്രംപ് നിലപാട് തുറന്നടിച്ചു.

മൃതദേഹം മറവുചെയ്യാന്‍ തുര്‍ക്കി പൗരനെ ഏല്‍പിച്ചു എന്നായിരുന്നു സൗദി വിശദീകരിച്ചത്. ഈ ദുര്‍ബല വാദം അംഗീകരിക്കാന്‍ ആരും തയ്യാറായില്ല. കൊലപാതകത്തിനിന് ശേഷം മൃതദേഹം കഷണങ്ങളായി നുറുക്കി എന്നാണ് തുര്‍ക്കി പറയുന്നത്. സൗദി അറസ്റ്റ് ചെയ്ത പ്രതികളെ കൈമാറണമെന്ന് തുര്‍ക്കി ആവശ്യപ്പെടുന്നു. എന്നാല്‍ സൗദി ഇതിന് തയ്യാറല്ല.

Latest
Widgets Magazine