കുവൈറ്റില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈറ്റ് സിറ്റി:  ഫര്‍വാനിയില്‍ സ്വദേശി ജനവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ബാച്ച്‌ലര്‍മാരെ ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പ് പാലിക്കാതിരുന്ന കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിദേശി ബാച്ച്‌ലര്‍മാര്‍ താമസിച്ച 10 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചതെന്ന് വൈദ്യുതി,ജലം മന്ത്രാലയത്തിലെ ജുഡീഷ്യല്‍ കണ്‍ട്രോള്‍ ടീം മേധാവി അദ്‌നാല്‍ അല്‍ ദഷ്തി അറിയിച്ചു. മുനിസിപ്പാലിറ്റി അധികൃതരുടെ സഹകരണത്തോടെയുള്ള നടപടി രാജ്യത്തെ എല്ലാ മേഖലകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബവാസ കേന്ദ്രങ്ങളില്‍ വിദേശി ബാച്ച്‌ലര്‍മാര്‍ക്ക് പാര്‍പ്പിടം അനുവദിക്കരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്.

സാമൂഹികമായ പല പ്രശ്‌നങ്ങളും പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ സാമ്പത്തിക ലാഭം കണക്കാക്കിയും മറ്റും സ്വകാര്യ കെട്ടിട ഉടമകള്‍ ബാച്ച്‌ലര്‍മാരെ ഒഴിവാക്കാതിരുന്നതിനാലാണ് നടപടിയെടുത്തത്.വൈദ്യുതി പുനഃസ്ഥാപിക്കണമെങ്കില്‍ മുനിസിപ്പാലിറ്റിയുടെ സമ്മതപത്രം സഹിതം വൈദ്യുതി,ജലം മന്ത്രാലയത്തിന് ഹര്‍ജി നല്‍കണം. അന്ന് വരെയുള്ള മീറ്റര്‍ റീഡിങ് കണക്കാക്കി വൈദ്യുതി ബില്‍ കെട്ടിടം ഉടമയ്ക്ക് നല്‍കിയ ശേഷമാണ് വൈദ്യുതി വിച്ഛേദിക്കുക. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോഴും മീറ്റര്‍ റീഡിങ് നടത്തും. ബന്ധം വിച്ഛേദിച്ചതിനും പുനഃസ്ഥാപിച്ചതിനും ഇടയില്‍ വൈദ്യുതി മോഷണം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് അത്. ഖൈത്താന്‍ മേഖലയിലാണ് അടുത്ത നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top