കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തെർമോഗ്രാഫിക് കാമറകള്‍

കുവൈത്ത്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ തെർമോഗ്രാഫിക് കാമറ സ്ഥാപിക്കാനുള്ള നിർദേശത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരിൽ പകർച്ചവ്യാധികൾ ഇല്ല എന്നുറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിലും കര അതിർത്തികളിലും തെർമൽ ക്യാമറകൾ സ്ഥാപിക്കുന്നത്. വിമാനത്താവളത്തിലും കര അതിർത്തികളിലുമായി എട്ട് തെർമോഗ്രാഫിക് കാമറകളാണ് സ്ഥാപിക്കുക.

ആഭ്യന്തര മന്ത്രാലയം, സിവിൽ വ്യോമയാന വകുപ്പ്, വിമാനത്താവളഅതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. യാത്രക്കാർ പകർച്ചവ്യാധികളുമായി കുവൈത്തിലെത്തുന്നത് തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലക്കാണ് പ്രത്യേക ഉപകരണം സ്ഥാപിക്കുന്നത്. ഇൻഫ്രാറെഡ് റേഡിയേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം വഴി ശരീരോഷ്മാവിലെ വ്യതിയാനങ്ങൾ കണ്ടുപിടിക്കാൻ കഴിയും. പ്രാഥമികമായി രോഗാവസ്ഥയുള്ളവരെ പ്രത്യേകം മാറ്റിനിർത്തി ചികിത്സ നൽകും.

നിപ വൈറസിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാരെ തെർമൽ മോണിറ്റർ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അവധികഴിഞ്ഞു കുവൈത്തിലേക്ക് വരുന്ന വിദേശികളെ വിമാനത്താവളത്തിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്നും ഇതിനായി വിമാനത്താവളത്തോടനുബന്ധിച്ചു പ്രത്യേക ക്ലിനിക്ക് സ്ഥാപിക്കണമെന്നും കഴിഞ്ഞ ദിവസം പാർലിമെന്റിൽ കരട് നിർദേശം വന്നിരുന്നു.

Top