ഭാഗ്യം തുണച്ചു; കോടിപതിയായി ആലപ്പുഴ സ്വദേശി

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇത്തവണയും ഭാഗ്യം തുണച്ചത് മലയാളി കുടുംബത്തിന്. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലാണ് ആലപ്പുഴ ജില്ലക്കാരന്‍ റോജി ജോര്‍ജിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. 12 വര്‍ഷത്തിലധികമായി കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിക്കുകയാണ് റോജി. മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന റോജി ഇതിന് മുന്‍പും ടിക്കറ്റെടുത്തിട്ടുണ്ട്. അഞ്ചാമത്തെയോ ആറാമത്തെയോ തവണയായിരിക്കും ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. മൂന്ന് ടിക്കറ്റുകളാണ് സാധാരണ ഒരുമിച്ചെടുക്കാറുള്ളത്. അബുദാബി എയര്‍പോര്‍ട്ടില്‍ നടന്ന നറുക്കെടുപ്പിന് ശേഷം സമ്മാനവിവരം അറിയിച്ചുകൊണ്ട് വിളിച്ചപ്പോള്‍, പതിവുപോലെ ഒരു മലയാളി വിജയിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നറുക്കെടുപ്പ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ ആര്‍ക്കാണ് സമ്മാനം എന്നറിയാന്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചു.

തന്റെ പേര് കണ്ട് ഞെട്ടിയപ്പോഴേക്കും സമ്മാനവിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഫോണ്‍വിളിയുമെത്തി. അപ്രതീക്ഷിതമായിരുന്നുവെന്നും കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ ആദ്യത്തെ ഏഴ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഒരു ശ്രീലങ്കക്കാരനും വിജയികളുടെ പട്ടികയില്‍ ഇടം നേടി. ഈ വര്‍ഷം ഇതുവരെ നടന്ന മൂന്ന് നറുക്കെടുപ്പുകളിലും ഒന്നാം സമ്മാനം മലയാളികള്‍ക്ക് തന്നെയാണ് ലഭിച്ചിരുന്നത്. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനകം നാട്ടിലേക്ക് മടങ്ങണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിക്കുന്ന തുക കൊണ്ട് വലിയ ലക്ഷ്യങ്ങളൊന്നും നേടണമെന്ന് മനസിലില്ല. കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും ചെയ്യാനുദ്ദേശിച്ചല്ല ടിക്കറ്റെടുത്തതെന്നും സാധാരണക്കാരനായിത്തന്നെ ജീവിതം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top