ആമിന്‍- തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് സന്തോഷവാര്‍ത്ത.നിയമലംഘനങ്ങള്‍ നടന്നാല്‍ തൊഴില്‍ മന്ത്രാലയത്തെ അറിയിക്കാണ്‍ ഒരു ആപ്പ്

ദുബൈ: യു.എ.ഇയിലെ തൊഴിലാളികള്‍ക്കിതാ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് മറ്റൊരു സന്തോഷവാര്‍ത്ത. ശമ്പളം കൃത്യമായി കിട്ടാതിരിക്കുകയോ ഉച്ചവിശ്രമ സമയത്ത് പണിയെടുക്കേണ്ടിവരികയോ പോലുള്ള തൊഴില്‍ നിയമലംഘനങ്ങള്‍ നടന്നാല്‍ ഇനി മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി തൊഴില്‍മന്ത്രാലയത്തെ അറിയിക്കാം. മന്ത്രാലയം തുടങ്ങിയ ‘ആമിന്‍’ എന്ന ആപ്പിലാണ് ഈ സൗകര്യമുള്ളത്.തൊഴിലാളികള്‍ക്ക് മാത്രമല്ല തൊഴിലുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമായ നിരവധിസേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്ന് തൊഴില്‍ മന്ത്രാലയം ഐ.ടി വിഭാഗം ഡയറക്ടര്‍ അഹമ്മദ് അല്‍ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്തയുടന്‍ ചെയ്തയാളുടെ വ്യക്തിവിവരങ്ങളും ലേബര്‍ കാര്‍ഡും ചിത്രവുമെല്ലാം ആപ്പില്‍ പ്രത്യക്ഷപ്പെടും. തൊഴില്‍ കരാറും ഇങ്ങനെ കാണാന്‍ സാധിക്കും.ലഭ്യമായ സേവനങ്ങളുടെ വിവിധ ഐക്കണുകളില്‍ ക്ളിക് ചെയ്ത് വേണ്ട സേവനം തെരഞ്ഞെടുക്കാം. തൊഴിലുടമയും തൊഴിലാളികളും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായകമാകുമെന്ന് അഹ്മദ് അല്‍ നാസര്‍ പറഞ്ഞു.
തൊഴിലാളി ഒളിച്ചോടുകയാണെങ്കില്‍ ഇതിലൂടെ പരാതി ബോധിപ്പിക്കാം.
തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും ഈ ആപ്പ് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ തൊഴിലിടങ്ങളില്‍ നിരന്തരം സന്ദര്‍ശിക്കണമായിരുന്നു. ഇനി ഈ ആപ്പിലൂടെ ഏതെല്ലാം സ്ഥാപനങ്ങളിലാണ് പരാതികളുള്ളതെന്നും ഏതെല്ലാം സ്ഥാപനങ്ങളാണ് കൃത്യമായ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതെന്നും ഓഫീസില്‍ നിന്ന് തന്നെ അറിയാന്‍ സാധിക്കും.ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് ആമിന്‍ ഡൗണ്‍ലോഡ് ചെയ്യാം. പിന്നെ ഇതില്‍ പാസ്പോര്‍ട്ട് നമ്പറോ എമിറേറ്റ്സ് ഐഡിയോ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തൊഴിലാളിയെന്നോ തൊഴിലുടമയെന്നോ വ്യക്തമാക്കണം. ഇതോടെ ലഭിക്കുന്ന യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ഏതു സമയവും തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെടാം. ശമ്പളം സംബന്ധിച്ചുള്ള പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ഏറെയും ലഭിക്കുന്നതെന്ന് അഹ്മദ് അല്‍ നാസര്‍ പറഞ്ഞു. സേവനാനന്തര ആനുകൂല്യങ്ങള്‍ സംബന്ധിച്ചും പരാതികള്‍ ലഭിക്കാറുണ്ട്.

തൊഴില്‍ ക്യാമ്പിലെ സൗകര്യങ്ങള്‍ സംബന്ധിച്ച പരാതിയും ആപ്പിലൂടെ ബോധിപ്പിക്കാന്‍ കഴിയും. ഫോട്ടോയും അപ്ലോഡ് ചെയ്യാം. തൊഴില്‍ മന്ത്രാലയത്തിലെ പരിശോധകര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളും. നിലവില്‍ അറബി, ഇംഗ്ളീഷ്, ഭാഷകളിലാണ് ആപ്ളിക്കേഷന്‍ ഉള്ളത്. ഒന്നര മാസം മുമ്പ് ആരംഭിച്ച ഈ ആപ്ളിക്കേഷന്‍ ഇതിനകം 3000ല്‍ അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top