തിരുവനന്തപുരം വിമാനത്താവളത്തെ അദാനിക്ക് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് സംസ്ഥാന സർക്കാർ കുടപിടിച്ചു: ദമ്മാം ഒ ഐ സി സി

ദമ്മാം: കേരളത്തിലെ ആദ്യത്തെ വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തെ അദാനി ഗ്രൂപ്പിന് തീറെഴുതി നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് കുടപിടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് ഒ ഐ സി സി ദമ്മാം റീജ്യൺ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന് കീഴിൽ ലാഭകരമായി പ്രവർത്തിക്കുന്ന വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നത്. വിമാനത്താവളത്തിനായ് നടന്ന ലേലത്തിൽ സംസ്ഥാന സർക്കാരിനായ് പങ്കെടുത്ത കെ എസ് ഐ ഡി സി ലേലത്തുക കുറച്ച് രേഖപ്പെടുത്തിയത് അദാനിയെ സഹായിക്കാനാണ്‌. എന്നാൽ, വിമാനത്താവളത്തെ സ്വകാര്യ വൽക്കാരിക്കാനുള്ള നീക്കത്തിനെതിരാണ് തങ്ങളെന്ന പ്രചാരണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും ഒ ഐ സി സി ദമ്മാം റീജ്യൺ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോപിച്ചു.

കണ്ണൂർ വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തിരുവനന്തപുരത്തിനും നൽകി കേരളത്തിലെ ആദ്യത്തെ വിമാനത്താളത്തിൻറെ സ്വകാര്യവൽക്കരണത്തെ തടയാൻ സംസ്ഥാന സർക്കാർ ആത്മാർത്ഥമായി ശ്രമിക്കാത്തത് പ്രതിഷേധാർഹമാണ്. നിരവധി വിമാനക്കമ്പനികൾ തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ റദ്ദ് ചെയ്തുകൊണ്ടിരിക്കുകയാണ്. തെക്കൻ കേരളത്തിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലെയും സാധാരണക്കാരായ പ്രവാസികളാണ് തിരുവനന്തപുരം വിമാനത്താവളത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. ഈ ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ ഒരു വിമാനം പോലും ദമ്മാമിൽ നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്കില്ലാത്ത രോഷത്തിലാണ് ദമ്മാമിലെ പ്രവാസികൾ. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കാർക്ക് ഏക ആശ്രയമായിരുന്ന ജെറ്റ് എയർവേയ്‌സിൻറെ തിരുവനന്തപുരത്തേയ്ക്കുള്ള നേരിട്ടുള്ള സർവീസ് കൂടി നിർത്തലാക്കിയതോടെ കുട്ടികളും സ്ത്രീകളുമടക്കമുള്ളവരുടെ യാത്ര ഏറെ ക്ലേശകരമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന സർക്കാരിനുവേണ്ടി വേണ്ടി ലേലത്തിൽ പങ്കെടുത്ത കെ എസ് ഐ ഡി സി മെച്ചപ്പെട്ട തുക ക്വാട്ട് ചെയ്തിരുന്നുവെങ്കിൽ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നത് തടയാമായിരുന്നു. തിരുവനന്തപുരത്തെ വിമാനത്താവളത്തോടൊപ്പം രാജ്യത്തെ മറ്റ് അഞ്ച് വിമാനത്താവളങ്ങൾ കൂടി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഗുഹാവത്തി വിമാനത്താവളത്തിൻറെ കൈമാറ്റം അവിടത്തെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. അതേ മാതൃകയിൽ തിരുവന്തപുരത്തെ വിമാനത്താവളത്തിൻറെ കൈമാറ്റവും തടയാനുള്ള കെ എസ് ഐ ഡി സി യുടെ ശ്രമം ആത്മാർത്ഥതയുള്ളതാകണം. വിമാനത്താവളത്തെ അദാനിക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻറെ തീരുമാനത്തിന് കുടപിടിക്കുകയും, അന്തരീക്ഷത്തിൽ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സമരവും നടത്തി പ്രസ്താവനകളുമിറക്കുന്ന ഇടതുപക്ഷത്തിൻറെ നയം വിരോധാഭാസമാണെന്നും ഒ ഐ സി സി ദമ്മാം റീജ്യൺ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

തിരുവനന്തപുരം വിമാനത്താവളത്തിൻറെ സ്വകാര്യവൽക്കരണത്തിനെതിരെയും, ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് ഒരു വിമാന സർവീസുപോലും ഇല്ലാത്തതിലും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം എം പി ഡോ.ശശി തരൂർ, വി എസ് ശിവകുമാർ എം എൽ എ എന്നിവർക്ക് ഒ ഐ സി സി നിവേദനം നൽകിയതായി ദമ്മാം ഒ ഐ സി സി നേതാക്കളായ ഇ.കെ.സലിം, നിസാർ ചെമ്പകമംഗലം, ലാൽ അമീൻ ബാലരാമപുരം എന്നിവർ പറഞ്ഞു.

Top