പുണ്യഭൂമിയിൽ ഹാജിമാർക്ക് സേവനം നൽകിയ നിർവൃതിയിൽ ഒ ഐ സി സി വളണ്ടീയർമാർ ദമ്മാമിൽ തിരിച്ചെത്തി

ഇ.കെ .സലിം
ദമ്മാം: ഇത്തവണത്തെ  ഹജ്ജ് കർമ്മത്തിന് ലോകത്തിൻറെ നാനാ  ഭാഗങ്ങളിൽ നിന്നെത്തിയ ഹാജിമാർക്ക് സഹായവുമായി ഒ ഐ സി സി ജിദ്ദ റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ഒ ഐ സി സി യുടെ അഞ്ഞൂറിലധികം വളണ്ടീയർമാർ രാവും പകലുമായി  നാല് ദിവസം സേവന പന്ഥാവിലായിരുന്നു. സാധാരണയായി കെ എം സി സി യും  മുസ്ലീം  മതസംഘടനകളുമാണ് ഹജ്ജ് സേവന പ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ടാവുക. എന്നാൽ, ഏതാനും വർഷങ്ങളായി ജനാധിപത്യ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ പ്രവാസി പോഷക സംഘടനയായ ഒ ഐ സി സി യും ഹാജിമാർക്കുള്ള സേവനപ്രവർത്തനങ്ങൾക്ക് മുൻനിരയിലുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള അഞ്ഞൂറിലധികം ഒ ഐ സി സി വളണ്ടീയർമാരെ മിനായിലും മറ്റുമായി വിന്യസിക്കുവാൻ സാധിച്ചത് ഏറെ ശ്രദ്ധേയമാണ്.
 
ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയിൽ നിന്നും ഇത്തവണ ഇരുപത്തിയഞ്ച് വളണ്ടീയർമാരാണ് ഹജ്ജ്  സേവന പ്രവർത്തനങ്ങളിൽ  പങ്കെടുത്തത്. ഇത്രയും വളണ്ടീയർമാരെ സൗജന്യമായി ജിദ്ദയിലെത്തിക്കുന്നതിനും അവർക്ക് വേണ്ടുന്ന മറ്റ് സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്നതിനും റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പ്രത്യേക താത്പര്യമെടുത്ത് പ്രവർത്തിക്കുകയുണ്ടായി. ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാടായിരുന്നു ദമ്മാം ടീമിൻറെ ക്യാപ്റ്റൻ. റീജ്യണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ നിസാർ മാന്നാർ വൈസ് ക്യാപ്ടനുമായിരുന്നു. 
 
കഴിഞ്ഞ ഞായറാഴ്ച രാത്രി ദമ്മാമിൽ നിന്നും പുറപ്പെട്ട  ഒ ഐ സി സി വളണ്ടീയർ ടീമിന് സമുചിതമായ  യാത്രയയപ്പാണ് ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നൽകിയത്. യാത്രയയപ്പ് സമ്മേളനത്തിൽ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.അബ്ദുൽ ഹമീദ് യാത്രയയപ്പ്  സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ദമ്മാം ഒ ഐ സി സി ഹജ്ജ് വളണ്ടീയർ സെൽ കോ ഓർഡിനേറ്റർമാരായ ഷംസു കൊല്ലം, സക്കീർ ഹുസൈൻ, ടീം ക്യാപ്റ്റൻ സിറാജ് പുറക്കാട്, യൂത്ത് വിംഗ് ജുബൈൽ ഘടകം പ്രസിഡണ്ട് ഉസ്മാൻ കുന്നംകുളം എന്നിവർ ആശംസാ പ്രസംഗം നടത്തി. പി.കെ.അബ്ദുൽ ഖരീം, റഷീദ് ഇയ്യാൽ, ഷിബു ബഷീർ, ഹമീദ് ചാലിൽ, ശ്യാം പ്രകാശ്,  പ്രസാദ്രഘുനാഥ്‌,  മാത്യു ജോർജ്, അബ്ബാസ് തറയിൽ, ലാൽ അമീൻ, ഹമീദ് മരയ്ക്കാശ്ശേരി, അസ്‌ലം ഫെറോക്ക്, ഫൈസൽ ഷെരീഫ്, ഗഫൂർ വണ്ടൂർ, അഷറഫ് കൊണ്ടോട്ടി, സുധീർ ആലുവ, ശശി കുമാർ, സലീം അനീഫ, ദിലീപ് എന്നിവർ സംബന്ധിച്ചു. യാത്രയയപ്പ് സമ്മേളനത്തിന് ജനറൽ സെക്രട്ടറി ഇ.കെ.സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.  
 
ഹജ്ജ് വളണ്ടീയർ പ്രവർത്തനത്തെക്കുറിച്ച് ടീമംഗങ്ങൾക്ക് മുൻകൂട്ടി പഠനക്ലാസ്സുകൾ നൽകിയിരുന്നു. പ്രമുഖ യുവ പണ്ഡിതൻ സുഹൈൽ ഹുദവിയാണ് പഠന ക്ലാസ്സിന് നേതൃത്വം നൽകിയത്. ചിത്രങ്ങളുടെയും മേപ്പിൻറെയും സഹായത്തോടെ ദമ്മാമിൽ നിന്നും ലഭിച്ച പഠന ക്ലാസ്സ് സേവന പ്രവർത്തനത്തിൽ ഏറെ ഗുണം ചെയ്തുവെന്ന് ടീമംഗങ്ങൾ പറഞ്ഞു. ദമ്മാമിൽ നിന്നും ജിദ്ദയിലെത്തിയ ടീമിന് ഒ ഐ സി സി ജിദ്ദ റീജ്യണൽ കമ്മിറ്റി ഓഫീസിൽ വച്ച് സ്വീകരണം നൽകിയാണ് വരവേറ്റത്. ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ, ഒ ഐ സി സി വളണ്ടീയർ ടീം ജനറൽ ക്യാപ്റ്റൻ സഹീർ മാഞ്ഞാലി, ജിദ്ദ റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് വക്കം ഷുക്കൂർ എന്നിവർ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നെത്തിയ ഒ ഐ സി സി വളണ്ടീയർ ടീമംഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച്  വളണ്ടീയർമാർക്ക് കുറ്റമറ്റ സൗകര്യങ്ങൾ ഒരുക്കിയ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും  ജിദ്ദ, ദമ്മാം  ഒ ഐ സി സി റീജ്യണൽ കമ്മിറ്റികൾക്കും നന്ദി അറിയിച്ച  ദമ്മാം ഒ ഐ സി സി വളണ്ടീയർ ടീം വെള്ളിയാഴ്ച രാവിലെയാണ് ദമ്മാമിൽ തിരിച്ചെത്തിയത്.
Top