ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ യുവാവും പാക് യുവതിയും വിവാഹിതരായി

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഈ ഫെബ്രുവരി 23 നാണ് ഇന്ത്യക്കാരനായ റയാന്റെയും പാക് സ്വദേശി ഹബീബയുടെയും വിവാഹം നടന്നത്. ഇവിടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷാവസ്ഥയിലിരിക്കുമ്പോള്‍ അങ്ങ് ദുബൈയില്‍ റയാനും ഹബീബയും കല്ല്യാണ തിരക്കുകളിലായിരുന്നു. ആദ്യം എതിര്‍പ്പു കാട്ടിയെങ്കിലും ഇരുവരുടെയും കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനായി ദുബൈയിലെത്തിയിരുന്നു. റയാന്റെ തന്നെ വാക്കുകളില്‍ പറഞ്ഞ ആറു വര്‍ഷത്തെ വഴക്കുകളും ത്യാഗങ്ങളും കടന്നു പോയ പ്രയാസമേറിയ നിമിഷങ്ങളും തരണം ചെയ്താണ് ഒന്നാകാന്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും ഇരുവരുടെയും പ്രണയത്തെ ബാധിച്ചില്ല.

‘ആറുവര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഭയമുണ്ടായിരുന്നു എങ്ങനെ ഒന്നാകുമെന്ന്. ഞാന്‍ ഇന്ത്യന്‍ അവള്‍ പാകിസ്താനില്‍ നിന്നുള്ള ആള്‍. പക്ഷെ പിന്‍മാറാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ നീണ്ട ആറു വര്‍ഷങ്ങള്‍, നിറയെ വഴക്കുകള്‍, ത്യാഗങ്ങള്‍, പ്രയാസമേറിയ സമയങ്ങള്‍ എല്ലാം അതി ജീവിച്ച് ഞങ്ങള്‍ ഇപ്പോള്‍ ഔദ്യോഗികമായി ഒന്നായി’..

റയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങ് അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലടിക്കുന്നു എന്നാല്‍ സ്‌നേഹം എല്ലാവരെയും കൂട്ടിച്ചേര്‍ക്കുമെന്നും ഒന്നാക്കുമെന്നും ഇങ്ങ് യുഎഇയില്‍ ഞങ്ങള്‍ തെളിയിച്ചു. അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് റയാനും ഹബീബയും. കൂടുതല്‍ ആളുകള്‍ ഇങ്ങനെ പരസ്പരം അടുത്തറിയുമ്പോള്‍ അത് പതിയെ രാജ്യങ്ങള്‍ തമ്മിലും നല്ല ബന്ധം വളര്‍ത്തുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. ഗുജറാത്ത് സ്വദേശിയായ റയാന്‍ വളര്‍ന്നത് ഷാര്‍ജയിലാണ്. അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്ന റായന്‍,തുടര്‍ പഠനത്തിനായി മുംബൈയിലെത്തി. ഇവിടെ ചില സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്കിലാണ് റയാന്റെയും ഹബീബയുടെയും പ്രണയം ആരംഭിച്ചത്. വെറുതെ ചാറ്റ് ചെയ്ത് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു.

Latest
Widgets Magazine