പ്ലാന്‍ എ; എതിര്‍ ടീമിന്റെ കണ്‍ട്രോള്‍ കളയാന്‍ നഗ്‌നയോട്ടക്കാരിയെ രംഗത്തിറക്കി

ആസ്റ്റര്‍ഡാം: കളി ജയിക്കാന്‍ മൈതാനത്ത് പലവിധ അഭ്യാസങ്ങലും ഇറക്കുന്ന കളിക്കാരെ കണ്ടിട്ടുണ്ട്. തങ്ങളുടെ ടീം വിജയിച്ചു കാണാന്‍ മുട്ടിപ്പായ പ്രര്‍ത്ഥനകളുമായി ഗ്യാലറിയില്‍ ഇരുന്ന് അലറി വിളിക്കുന്ന ആരാധകരെയും കണ്ടിട്ടുണ്ട്. ചിലപ്പോളൊക്കെ നിയന്ത്രണം വിട്ട് ആ ആരാധകര്‍ എതിര്‍ ടീമിനെ ചീത്ത വിളിക്കുകയും ചെയ്യാറുണ്ട്. ഇതൊക്കെ തങ്ങളുടെ സ്വന്തം ടീമിനെ ജയിപ്പിക്കാനുള്ള അടവുകളാണ്. പക്ഷേ അടുത്തിടെ ഹോളണ്ടിലെ ഒരു ക്ലബിന്റെ കളിക്കിടെ തങ്ങളുടെ ടീമിനെ എങ്ങനെയെങ്കിലും ഒന്നു ജയിപ്പിക്കാന്‍ അവിടത്തെ ആരാധകര്‍ കാണിച്ച ഒരു കടും കൈയ്യാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച. ഹോളണ്ടിലെ മൂന്നാം ഡിവിഷന്‍ ക്ലബായ റിന്‍സ്ബര്‍ഗ്‌സെയുടെ ആരാധകരാണ് ഫുട്‌ബോള്‍ ലോകം ഇതു വരെ കണ്ടിട്ടില്ലാത്ത തന്ത്രം പുറത്തെടുത്തത്. ഒരു സ്ട്രിപ്പര്‍ വുമണിനെ വാടകക്കെടുത്ത് നഗ്‌നയാക്കി മൈതാനത്തു കൂടി ഓടിച്ച് എതിര്‍ ടീമിന്റെ കണ്‍ട്രോള്‍ കളഞ്ഞ് മത്സരത്തില്‍ നേട്ടമുണ്ടാക്കാനാണ് റിന്‍സ്ബര്‍ഗ്‌സെ ആരാധകര്‍ ശ്രമിച്ചത്. മൂന്നാം ഡിവിഷനില്‍ പോയിന്റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്ന എഎഫ്‌സി ആംസ്റ്റര്‍ഡാമുമായുള്ള മത്സരത്തിന്റെ ഇരുപതാം മിനിട്ടിലാണ് സംഭവം. റിന്‍സ്ബര്‍ഗ്‌സെ ഒരു ഗോളിനു പിന്നില്‍ നില്‍ക്കുന്ന സമയത്ത് മൈതാനത്തേക്ക് ‘സ്ട്രിപ്ടീസ് ഫോക്‌സി’യെന്ന അപരനാമത്തിലറിയപ്പെടുന്ന യുവതിയെ നഗ്‌നയാക്കി ആരാധകര്‍ ഇറക്കി വിടുകയായിരുന്നു.

എതിര്‍ താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയ യുവതി പ്രതിരോധ താരം ജോയല്‍ ടിയേമയോട് തന്നെയൊന്നു പരിഗണിക്കാന്‍ പറഞ്ഞുവെന്നും താരം അതു നിഷേധിച്ചുവെന്നുമാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സെക്കന്‍ഡുകള്‍ക്കുളളില്‍ നടന്ന സംഭവത്തിനു ശേഷം യുവതി സ്റ്റേഡിയം വിടുകയും ചെയ്തു. മത്സരത്തിനു ശേഷം യുവതിയുടെ സമീപനത്തെക്കുറിച്ച് ടിയേമ മാധ്യമങ്ങളോടു സംസാരിച്ചു. ഫോക്‌സി തന്നെ പ്രലോഭിപ്പിച്ചുവെന്നും എന്നാല്‍ വീട്ടില്‍ കുഴപ്പമാകുമെന്നതു കൊണ്ട് താന്‍ സംയമനം പാലിച്ചതാണെന്നുമാണ് ടിയേമ പറയുന്നത്. ഗ്രൗണ്ടിലെത്തിയ യുവതി അതീവ സുന്ദരിയാണെന്നും താരം വെളിപ്പെടുത്തി. പക്ഷേ റിന്‍സ്ബര്‍ഗ്‌സെ ആരാധകരുടെ തന്ത്രം മത്സരത്തില്‍ ഫലം കണ്ടില്ല. രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് എഎഫ്‌സി ആംസ്റ്റര്‍ഡാം കളിയില്‍ വിജയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top