കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

വാഹന പരിശോധനയ്ക്കിടെ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. ന്യൂമാന്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിങാണ്(33) ക്രിസ്മസ് ദിവസം രാത്രി നടുറോഡില്‍ വെടിയേറ്റ് മരിച്ചത്. ക്രിസ്മസ് ദിവസം അധിക സമയ ഡ്യൂട്ടിയിലായിരുന്നു റോണില്‍ സിങ്. ഇതിനിടെയാണ് ആയുധധാരിയായ അക്രമി അദ്ദേഹത്തിന് നേരേ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ റോണില്‍ സിങ് വയര്‍ലെസ് സംവിധാനത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു.

എന്നാല്‍ മറ്റു പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും സംഭവസ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍തന്നെ  സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമി സംഭവത്തിനുശേഷം രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി. ഫിജിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റോണില്‍ സിങ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ന്യൂമാന്‍ പോലീസില്‍ ജോലിചെയ്യുകയാണ്. അനാമികയാണ് ഭാര്യ. അഞ്ചുവയസ്സുള്ള മകനുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനമറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top