ബാലപീഡകരെ സംരക്ഷിച്ചെന്നരോപിച്ച് തന്റെ രാജി ആവശ്യപ്പെട്ട മുന്‍ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് മാര്‍പാപ്പ

ഡബ്ലിന്‍ (അയര്‍ലന്റ്): ബാലപീഡകരെ സംരക്ഷിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് താന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട മുന്‍ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മുന്‍ ആര്‍ച്ച് ബിഷപ്പും അമേരിക്കയിലെ വത്തിക്കാന്‍ അംബാസിഡറുമായിരുന്ന വിഗാനോ ആണ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ടത്.

2013ല്‍ വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു. ആസമയത്ത് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരം താന്‍ മാര്‍പാപ്പയെ അറിയിച്ചെന്നും എന്നാല്‍ അദ്ദേഹം നടപടികള്‍ സ്വീകരിച്ചില്ലെന്നുമാണ് കാര്‍ലോ മരിയ വിഗാനോ ആരോപണം ഉന്നയിച്ചത്.

കര്‍ദ്ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മാതൃകയാകേണ്ട മാര്‍പാപ്പ ബാലപീഡകരെ സംരക്ഷിക്കുന്ന നയമാണ് കൈക്കൊണ്ടതെന്നും അതിന്റെ പേരില്‍ മാര്‍പാപ്പ രാജിവെക്കണമെന്നുമാണ് കാര്‍ലോ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് താന്‍ പ്രതികരിക്കാനില്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് താന്‍ പ്രതികരിക്കാനില്ലെന്ന് മാര്‍പാപ്പ പറഞ്ഞത്. പ്രസ്താവന ഞാനും വായിച്ചു. എനിക്ക് നിങ്ങളോട് ആത്മാര്‍ഥമായി പറയാനുള്ളത് ആ പ്രസ്താവന ശ്രദ്ധാപൂര്‍വ്വം വായിക്കാനാണ്. ആരോപണങ്ങള്‍ക്കുള്ള മറുപടിയും അതില്‍ത്തന്നെയുണ്ട്. മാര്‍പാപ്പ പറഞ്ഞു. ചിലപ്പോള്‍ താന്‍ പ്രതികരിച്ചേക്കും എന്നും അല്‍പസമയത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

10 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനമുള്ള മക് കാരിക് അള്‍ത്താര ബാലന്മാരിലൊരാളെ ലൈംഗികചൂഷണം ചെയ്തു എന്ന ആരോപണം ഉയര്‍ന്നു വന്നത്്്്. അതിനു ശേഷം ആരോപണവിധേയനായ കര്‍ദ്ദിനാള്‍ മക് കാരിക് കഴിഞ്ഞ മാസം് ഔദ്യോഗികചുമതലകളില്‍ നിന്ന് വിരമിച്ചിരുന്നു. മക് കാരികിനെ പൊതുചുമതലകളില്‍ നിന്ന് ഒഴിവാക്കാനുള്ള മാര്‍പാപ്പയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു വിരമിക്കല്‍.

Latest
Widgets Magazine