ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയ കേരളസർക്കാരിനെ അഭിനന്ദിയ്ക്കുന്നു: നവയുഗം

ദമ്മാം: പ്രവാസികള്‍ക്കും, വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി കേരളസർക്കാർ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയതിനെ നവയുഗം സാംസ്ക്കാരികവേദി അഭിനന്ദിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ സർവ്വസാധാരണമായ പ്രവാസികളുടെ ഏറെ നാളത്തെ ഒരു ആവശ്യമായിരുന്നു ഇത്.

നോര്‍ക്ക റൂട്ട്സ് ഏർപ്പെടുത്തിയ പുതിയ പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയിൽ എല്ലാ പ്രവാസികളും പങ്കാളികളാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം അഭ്യർത്ഥിച്ചു. നവയുഗം ദമ്മാം മേഖല മെമ്പർഷിപ്പ് വിതരണോത്ഘാടനം നിർവ്വഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് കേരളസർക്കാർ, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേർന്ന്, നോർക്ക വഴി നടപ്പാക്കുന്നത്. ഒരു വര്‍ഷത്തേക്ക് 550 രൂപ പ്രീമിയം അടച്ചു പദ്ധതിയിൽ ചേർന്നാൽ, രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും.

നവയുഗം ദമ്മാം മേഖല ഓഫിസിൽ കൂടിയ യോഗത്തിൽ മേഖല പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ആദ്യമെമ്പർഷിപ്പ് വിതരണം പുതിയ മെമ്പറായ നിഖിലിന് മെമ്പർഷിപ്പ് ഫോം കൈമാറി ഷാജി മതിലകം നിർവഹിച്ചു.


നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, മേഖല നേതാക്കളായ സാബു, തമ്പാൻ നടരാജൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി നിസ്സാം കൊല്ലം സ്വാഗതവും, ഷിബു നന്ദിയും പറഞ്ഞു.

Top