ഭാര്യയുടെ അറിവില്ലാതെ ഇനി സൗദിയില്‍ വിവാഹ മോചനം നടക്കില്ല

വിവാഹമോചനത്തില്‍ പുതിയ പരിഷ്‌കാരവുമായി സൗദി ഭരണകൂടം. സ്ത്രീകളുടെ അറിവില്ലാതെ രാജ്യത്ത് നടക്കുന്ന വിവാഹ മോചനക്കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയമപരിഷ്‌കരണം. ഇനിമുതല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നീക്കം നടത്തിയാല്‍ ഭാര്യക്ക് മെസേജ് വഴി നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ് പുതിയ നിയമം. ഇന്നലെയാണ് നിയമം ഔദ്യോഗികമായി നിലവില്‍ വന്നത്. രഹസ്യമായുള്ള വിവാഹമോചനക്കേസുകള്‍ തടയുക, വിവാഹബന്ധത്തില്‍ സ്ത്രീയുടെ അവകാശം സംരക്ഷിക്കുക എന്നിവയാണ് നിയമത്തിലൂടെ നടപ്പിലാക്കാന്‍ സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്ത്രീകള്ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള അനുമതി നല്‍കിയതിന് ശേഷം രാജ്യം സ്വീകരിക്കുന്ന സുപ്രധാനമായ മറ്റൊരു നിയമനിര്‍മാണമാണിത്. ഇനി മുതല്‍ നിയമപരമായുള്ള വിവാഹമോചനക്കേസുകള്‍ നടന്നാല്‍ അത് ഭാര്യയുടെ അറിവിലൂടെ ആയിരിക്കും. കോടതി അതിന് മുന്‍കയ്യെടുക്കും. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനാണിത്. സൗദി നീതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പുതിയ നിയമത്തെ വിശദീകരിച്ചത് ഈവിധമാണ്. ”ഭൂരിഭാഗം അറബ് രാജ്യങ്ങളിലും പുരുഷന്‍മാരാണ് വിവാഹമോചനം നടത്തുന്നത്. സ്ത്രീകള്‍ക്ക് മോചനം നേടാന്‍ യാതൊരു വഴിയുമില്ല.

ഇതിപ്പോള്‍ സ്ത്രീകള്‍ക്ക് മോചനവുമായി ബന്ധപ്പെട്ട് കാര്യങ്ങളെങ്കിലും അറിയാമല്ലോ. ഇത് ചെറിയൊരു കാല്‍വെപ്പാണ്. പക്ഷെ നല്ലത്”. വിഷയത്തില്‍ ഗ്ലോബല്‍ റൈറ്റ് ഗ്രൂപ്പ് പ്രതിനിധി സഊദ് അബു ദയ്യ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Latest
Widgets Magazine