മലയാളികൾ അടക്കമുള്ള സ്വയംതൊഴിലുകാർക്ക് ബാധ്യതയാകാവുന്ന നികുതി നിർദേശങ്ങൾ പിൻവലിച്ച് ഉത്തരവ്

സ്വന്തം ലേഖകൻ
ലണ്ടൻ : രാജ്യത്തെ മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് സ്വയംതൊഴിലുകാർക്ക് കനത്ത പ്രഹരം നൽകി ചാൻസലർ ഫിലിപ് ഹാമണ്ട് ബജറ്റിൽ പ്രഖ്യാപിച്ച ഇൻഷുറൻസ് ടാക്‌സ് വർധന പിൻവലിച്ചു. ടാക്‌സ് വർധനക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് തീരുമാനം.
അധികാരത്തിലെത്തിയാൽ അഞ്ചുവർഷത്തേക്ക് നാഷണൽ ഇൻഷുറൻസും ആദായ നികുതിയും മൂല്യവർധിത നികുതിയും വർധിപ്പിക്കില്ലെന്നായിരുന്നു കൺസർവേറ്റീവ് പാർട്ടി പ്രകടന പത്രികയിൽ നൽകിയിരുന്ന വാഗ്ദാനം. ഇതു മറികടന്ന് ബജറ്റിൽ നാഷണൽ ഇൻഷുറൻസ് വർധിപ്പിച്ചത് വാഗ്ദാനലംഘനമാണെന്ന് പ്രതിപക്ഷവും ഭരണകക്ഷി എംപിമാരും വിമർശനമുന്നയിച്ചിരുന്നു. ഒരു മന്ത്രിയുൾപ്പെടെ പ്രമുഖ നേതാക്കൾ ടാക്‌സ് വർധനയ്‌ക്കെതിരെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ലേബർ നേതാവ് ജെറമി കോർബിനും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ടിം ഫാരനും നികുതി വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് സർക്കാരിന്റെ നിലപാടുമാറ്റം. വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാരും പ്രധാനമന്ത്രിയും ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി നിർദേശം പിൻവലിക്കുന്നതായി ധനകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ട് പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ സ്വന്തം പാർട്ടിയിൽനിന്നും പൊതു സമൂഹത്തിൽ നിന്നും ഉയർന്ന വിമർശനങ്ങളെ ഉൾക്കൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി. പുതിയ നിർദേശങ്ങൾ നടപ്പാക്കുന്നത് ഓട്ടം വരെ മാറ്റിവെക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ നേരത്തെ പറഞ്ഞിരുന്നു.
സ്വയംതൊഴിലുകാരുടെ നാഷണൽ ഇൻഷുറൻസ് ടാക്‌സ് നിലവിലുള്ള ഒമ്പതു ശതമാനത്തിൽനിന്നും പത്തായാണ് കൂട്ടാൻ തീരുമാനിച്ചത്. 2018 മുതൽ ഇതു പ്രാബല്യത്തിലാകുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു. മാത്രമല്ല, 2019ൽ ടാക്‌സ് 11 ശതമാനമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സാധാരണ ജോലിക്കാരുടെ നാഷണൽ ഇൻഷുറൻസ് ടാക്‌സ് നിലവിൽ 43,000 പൗണ്ട് വരെ 12 ശതമാനമാണ്. ഈ അന്തരം ഒഴിവാക്കാനാണ് സ്വന്തമായി ജോലിചെയ്യുന്നവരുടെ ടാക്‌സ് കൂട്ടാൻ തീരുമാനിച്ചതെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്.
നൂറുകണക്കിന് മലയാളിസ്വയംതൊഴിൽ സംരംഭകരെ ദോഷകരമായി ബാധിക്കുന്നതായിരുന്നു ഈ നിർദ്ദേശം. എജൻസി ജോലി ചെയ്യുന്ന നഴ്‌സുമാരും ടാക്‌സി ഓടിക്കുന്നവരും ഉൾപ്പെടെ നിരവധി മലയാളികളും സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ നല്ലൊരു തുക ലാഭിച്ചിരുന്നവർക്കെല്ലാം പ്രതിവർഷം 250 മുതൽ 500 പൗണ്ട് വരെ അധികം നികുതി നൽകേണ്ടവിധമായിരുന്നു വർധന.
ബ്രിട്ടനിലാകെ 50 ലക്ഷം ആളുകൾ സ്വയം സംരംഭകരുണ്ട്. ലണ്ടനിൽ മാത്രം ഇത് എട്ടര ലക്ഷം വരും. അതിൽ തന്നെ വെസ്റ്റ് ഹാമിലാണ്. 21,600 പേരാണ് ഇവിടെ സ്വയംതൊഴിലുകാരായുള്ളത്. ഏഷ്യൻ വംശജർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. വീട്ടിലിരുന്നു ജോലിചെയ്യുന്ന സ്ത്രീകളും ടാക്‌സി ഡ്രൈവർമാരുമാണ് ഇത്തരത്തിൽ സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ കൂടുതലും. ഏജൻസി നഴ്‌സുമാരായി ജോലിചെയ്യുന്ന മലയാളികൾ പലരും സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്ത് വരുമാനം നേടിയിരുന്നു. ഇവരൊക്കെ ആശങ്കപ്പെടുത്തുന്നതായിരുന്നു നികുതി വർധന പ്രഖ്യാപനം.
Top