ബെർലിൻ: ബെൽജിയത്തിനു പിന്നാലെ ജർമനിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും വന്ന യാത്രക്കാരനിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോൺ സ്ഥിരീകരിച്ചയാളെ ക്വാറൻറൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ വകഭേദം വന്ന വൈറസ് കണ്ടെത്തിയതായി പടിഞ്ഞാറൻ സംസ്ഥാനമായ ഹസെയിലെ സാമൂഹികകാര്യ മന്ത്രി കെയ് ക്ലോസ് ട്വീറ്റ് ചെയ്തു.
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവർ സ്വയംനിരീക്ഷണത്തിൽപോകാനും പരിശോധന നടത്താനും നിർദേശിച്ചതായി കെയ് ക്ലോസ് പറഞ്ഞു. ഒമിക്രോൺ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് ജർമനി. നേരത്തെ ബെൽജിയത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
ഒമിക്രോൺ വകഭേദം നിരവധി രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഷ്യൻ രാജ്യങ്ങൾക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. നിരീക്ഷണവും ജാഗ്രതയും മുൻകരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾക്ക് ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നൽകിയത്.