വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: നല്‍കിയ വാഗ്ദാനം പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാരിനായില്ല- അമിത് ഷാ

ന്യൂഡല്‍ഹി: ഏറെക്കാലമായി വിമുക്തഭടന്മാര്‍ ആവശ്യപ്പെട്ടു വന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2014 ജൂലായ് മുതല്‍മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സ്വയം വിരമിക്കുന്നവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടത്തും. പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിനു പ്രതിവര്‍ഷം ചെലവഴിക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 70 വയസിനുമേല്‍ പ്രായമുള്ള വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും കുടിശിക ആദ്യം ലഭിക്കും. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷനില്‍ 3,500 – 4,500 രൂപാ വരെ വര്‍ധനവ് ലഭിക്കും. കുടിശിക നാലുതവണകളായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏറ്റവും താഴ്ന്ന റാങ്കിലുള്ള സൈനികര്‍, വിധവമാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്കായിരിക്കും പദ്ധതി വഴി ഏറ്റവുമധികം ഗുണം ലഭിക്കുക. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രമുഖ വാഗ്ദാനമായിരുന്നു ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി. 30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
അതേസമയം ബിജെപി നല്‍കിയ വാഗ്ദാനം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരിനായില്ല. എങ്കിലും നിലവില്‍ പ്രഖ്യാപിച്ച പദ്ധതി മികച്ചതാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ അഭിനന്ദിച്ചു. സര്‍ക്കാര്‍ നടപടിയിലൂടെ വിമുക്തഭടന്‍മാര്‍ക്കു സാമ്പത്തിക സുരക്ഷിതത്വം നല്‍കാനായതായും അദ്ദേഹം പറഞ്ഞു.

അതേസമയം, പദ്ധതിയെ വിമര്‍ശിച്ച് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി എകെ ആന്റണി രംഗത്തെത്തി. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നിരാശപ്പെടുത്തുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ വിരമിച്ച സൈനികരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. സൈനികരെ കബളിപ്പിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ബിജെപി നേരത്തെ നല്കിയ വാഗ്ദാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്നും ആന്റണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013 നെ അടിസ്ഥാനവര്‍ഷമായി കണക്കാക്കിയാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. ഈ ഒരു വര്‍ഷത്തെ കുടിശിക നാല് തവണകളായി നല്‍കും. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്ക് കുടിശിക ഒറ്റത്തവണയായി നല്‍കും. മറ്റുള്ളവരുടെ കുടിശിക വര്‍ഷത്തില്‍ രണ്ട് തവണ എന്ന നിലയില്‍ രണ്ട് വര്‍ഷം കൊണ്ട് കൊടുത്തു തീര്‍ക്കും.

സ്വയം വിരമിച്ചവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന വിമുക്തഭടന്മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. അഞ്ച് വര്‍ഷത്തില്‍ ഒരിക്കലായിരിക്കും പെന്‍ഷന്‍ പരിഷ്‌കരിക്കുക എന്ന് പ്രതിരോധമന്ത്രി പറഞ്ഞു. വര്‍ഷം തോറും പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്നായിരുന്നു വിമുക്ത ഭടന്മാരുടെ ആവശ്യം. പക്ഷേ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ ഏകാംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു.

പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിന് പ്രതിവര്‍ഷം അധികചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. 40 വര്‍ഷമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 500 കോടി മാത്രമാണ് ഇതിനായി നീക്കിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ നടപ്പാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ 12 ന് ന്യൂഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്താന്‍ വിമുക്ത ഭടന്മാര്‍ പദ്ധതിയിട്ടതിന് പിന്നാലെയാണ് അവരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം വന്നത്. 30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

സര്‍ക്കാര്‍ തീരുമാനത്തില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും ഒരേ പദവിക്ക് ഒരേ പെന്‍ഷന് വേണ്ടി നടത്തിവന്ന നിരാഹാര സമരം പിന്‍വലിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചു. നിരാഹാരം പിന്‍വലിച്ചെങ്കിലും മറ്റ് പ്രതിഷേധ പരിപാടികള്‍ തുടരും. തങ്ങളുടെ ആറ് ആവശ്യങ്ങളില്‍ ഒന്നുമാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ 84 ദിവസമായി ജന്ദര്‍മന്തിറില്‍ സമരം നടത്തിവരുകയായിരുന്നു വിമുക്ത ഭടന്മാര്‍. പ്രധാന ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്നും മറ്റ് മൂന്നെണ്ണം നിരാകരിക്കുകയാണ് ചെയ്തതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. സ്വയം വിരമിച്ചവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം, പെന്‍ഷന്‍ പരിഷ്‌കരണം രണ്ട് വര്‍ഷത്തില്‍ ഒരിക്കലാക്കണം, അഞ്ച് അംഗ കമ്മീഷനെ വയ്ക്കണം എന്നീ സമരക്കാരുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ തള്ളിയത്.

സ്വയം വിരമിച്ച അഞ്ച് പേരടങ്ങുന്ന കമ്മിറ്റിയില്‍ മൂന്നു വിമുക്ത ഭടന്മാരേയും സര്‍വീസിലുള്ള ഒരു മേജറേയും ഒരു ജഡ്ജിയേയും ഉള്‍പ്പെടുത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഒരു ഏകാംഗ കമ്മീഷനെ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു.

Top