ഇങ്ങനെ അടിയറവ് പറയാനായിരുന്നെങ്കില്‍ അങ്ങ് എന്തിനു തുടങ്ങിയെന്ന് വിഎസിനോട് ഉമ്മന്‍ചാണ്ടി

CHANDY_VS

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരെയാക്കെയോ എന്തിനെയൊക്കെയോ ഭയപ്പെടുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. എല്ലാം എന്റെ പിഴവാണെന്ന് വിഎസ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇങ്ങനെയൊരു വിഎസിനെ ഇതുവരെ ആരും കണ്ടിട്ടില്ല. തന്റെ നിലപാടുകളില്‍ എന്തുവന്നാലും ഉറച്ചുനില്‍ക്കുന്ന ആള്‍ എല്ലാം തന്റെ തെറ്റാണെന്ന് പറയുന്നു. ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്?

അങ്ങ് ആരെയൊക്കയോ എന്തിനെയൊക്കയോ ഭയപ്പെടുന്നു എന്ന പ്രതീതിയാണ് കേരള ജനതക്കു നല്‍കിയത്. എല്ലാ ഊര്‍ജവും നഷ്ടപ്പെട്ട് അധികാര സ്ഥാനത്തിനുവേണ്ടി ഇതുവരെ പറഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ടു വിഴുങ്ങി ആദര്‍ശത്തോടുപോലും സന്ധിചെയ്യുന്ന അങ്ങയുടെ തെരഞ്ഞെടുപ്പുകാലത്തെ നിറംമാറ്റം ജനങ്ങള്‍ തിരിച്ചറിയും. പിണറായി വിജയന്‍ പങ്കാളിയായ ലാവ്ലിന്‍ കേസില്‍ അങ്ങ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ വായിച്ച് ജനങ്ങള്‍ പൊട്ടിച്ചിരിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാവലിന്‍ കേസില്‍ കോടതി വിധി അംഗീകരിക്കുന്നു എന്നാണ് അങ്ങ് പറയുന്നത്. മറിച്ചൊരു വിധി വരുന്നതുവരെ ഈ നിലപാടില്‍ തുടരും എന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്ന അങ്ങ്, അത് വിവാദമായതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് അഭിപ്രായത്തില്‍നിന്ന് ഒളിച്ചോടി. കോടതി വിധിയോടെ ലാവലിന്‍ കേസില്‍നിന്നും പിണറായി കുറ്റവിമുക്തനായെന്നും കേസ് ഇല്ലാതായെന്നുമുള്ള സി.പി.എമ്മിന്റെ അഭിപ്രായത്തെ അങ്ങ് അംഗീകരിക്കുന്നോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമായി പറയുന്നില്ല. പിണറായിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ. കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണ്. ഹൈക്കോടതിയില്‍നിന്നും പിണറായിക്കെതിരായ വിധി വന്നാല്‍ അങ്ങ് നിലപാട് മാറ്റുമെന്ന സൂചനയല്ലേ ഈ പ്രതികരണത്തിലൂടെ അങ്ങ് നടത്തിയത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കുന്നത് ആശയ സമരമാണെന്ന അങ്ങയുടെ പ്രതികരണമാണ് ഏറ്റവും വലിയ തമാശ. ഇതു പറഞ്ഞ് അങ്ങ് കേരളത്തിലെ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ പരിഹസിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പിണറായി വിജയനെതിരേ അങ്ങ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഓരോരുത്തര്‍ക്കും അറിയാവുന്നതാണ്. ലാവലിന്‍ കേസില്‍ അങ്ങ് നടത്തിയ ഓരോ നീക്കവും അതേപടി അപ്പപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് 2012 ജൂലൈയില്‍ നടന്ന കേന്ദ്ര കമ്മറ്റിയില്‍ സംസ്ഥാന നേതൃത്വത്തെയും പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് അങ്ങ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപംപോലും പിറ്റേന്ന് പത്രങ്ങളില്‍ അച്ചടിച്ചുവന്നില്ലേ. പിണറായിയെ കേരള ഗോര്‍ബച്ചേവ് എന്നും ഡാങ്കേയെന്നും അങ്ങ് വിളിച്ചതും പരസ്യമായല്ലേ.

ലാവലിന്‍ കേസില്‍ പരസ്യമായ വിമര്‍ശനം നടത്തിയതിനല്ലേ അങ്ങയെ പി.ബിയില്‍നിന്നും പുറത്തക്കിയത്. ടി.പി.ചന്ദ്രശേഖരന്റെ അതിദാരുണമായ വധവുമായി ബന്ധപ്പെട്ട് അങ്ങയുടെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവുമില്ലെന്നും ആ വധം അങ്ങേയറ്റം അപലപനീയമാണെന്നും അത് ആര് നടത്തിയാലും അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അങ്ങ് പറയുമ്പോള്‍ ഈ വധവുമായി ബന്ധപ്പെട്ട് നടന്ന ഉന്നത ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന യു.ഡി.എഫ് നിലപാടിനോട് അങ്ങ് യോജിക്കുന്നുണ്ടോ.

ഭരണത്തില്‍ ഇരുന്ന് അഴിമതി നടത്തിയ നിരവധി പേര്‍ക്കെതിരായ നിയമ പോരാട്ടങ്ങളില്‍ ആര്‍ ബാലകൃഷ്ണപിള്ളയെയാണ് ജയിലിലടയ്ക്കാന്‍ കഴിഞ്ഞതെന്ന് അഭിമാനിക്കുന്ന അങ്ങ് പിള്ളയുടെ പാര്‍ട്ടി ഇടത് പക്ഷ ജനാധിപത്യ മുന്നണിയില്‍ അംഗമല്ലെന്നും ആ നില തുടരുകയും ചെയ്യുമെന്നും പറയുന്നു.
പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ അങ്ങേയ്ക്കൊപ്പം ഉറച്ചുനിന്ന നൂറുകണക്കിനു സഹപ്രവര്‍ത്തകരുടെ ജീവിതമല്ലേ അങ്ങ് തുലച്ചത്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അങ്ങ് കാണിക്കുന്ന ഇത്തരം അഭ്യാസങ്ങള്‍ കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പുകാല വേഷപ്പകര്‍ച്ച ഇനിയെങ്കിലും അങ്ങ് അവസാനിപ്പിക്കണം

Top