ചെന്നിത്തല തെറിക്കും,പ്രതിപക്ഷനേതാവായി തിരുവഞ്ചൂർ .കോൺഗ്രസിൽ കലാപം തുടങ്ങും.അഴിമതി ആരോപണങ്ങളും കേസുകളും സതീശന് വിനയാകും.

തിരുവനന്തപുരം :കോൺഗ്രസിൽ രമേശ് ചെന്നിത്തല അനഭിമതനാകുന്നു . നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായി ദയനീയ പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുക്കില്ലെന്നു സൂചന. ആ സ്‌ഥാനത്തേക്കു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെയും വി.ഡി. സതീശന്റെയും പേരുകളാണു ചര്‍ച്ചയില്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നേതാവാണു തിരുവഞ്ചൂര്‍. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുമുണ്ട്‌. സതീശനെ പ്രതിപക്ഷ നേതാവായി ആരും അംഗീകരിക്കാൻ സാധ്യതയില്ല .കേസുകളും അഴിമതി ആരോപണങ്ങളും സതീശന് വിനയാകും .തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല നേരത്തെ പ്രഖ്യാപിച്ചിരുന്നു. കനത്ത തോല്‍വി പിണഞ്ഞതോടെ അദ്ദേഹം ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചെന്നാണ്‌ അറിയുന്നത്‌.

അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ്‌ ചെന്നിത്തല ഉന്നയിച്ച പല വിഷയങ്ങളിലും സര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുകൂടി പാര്‍ട്ടിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാതിരുന്നതാണ്‌ ഇത്രയും വലിയ തിരിച്ചടിക്ക്‌ കാരണമെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്‌. രമേശ്‌ തുടരട്ടെയെന്നാണ്‌ അവരുടെ നിര്‍ദേശം. എന്തായാലും വൈകാതെ പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി നടക്കുമെന്ന്‌ ഉറപ്പായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.പി.സി.സിയിലും ഡി.സി.സികളിലും അഴിച്ചുപണി നടത്തണമെന്ന്‌ തദ്ദേശ തെഞ്ഞൈടുപ്പിലെ പരാജയത്തിനു ശേഷം എ.ഐ.സി.സി. നിര്‍ദേശിച്ചിരുന്നു. സംസ്‌ഥാന നേതാക്കള്‍ എതിര്‍ത്തതിനാല്‍ അതു നടക്കാതെപോയി. പുതിയ സാഹചര്യത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടയുള്ളവരുടെ സ്‌ഥാനം തെറിക്കുമെന്നു വ്യക്‌തമായിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിലും യു.ഡി.എഫിലും പാളയത്തില്‍ പടനീക്കം ശക്‌തമായി. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ നേതൃമാറ്റമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നുതുടങ്ങി. പ്രതിപക്ഷനേതാവിനെയോ കെ.പി.സി.സി. അധ്യക്ഷനെയോ മാത്രം മാറ്റിക്കൊണ്ടുള്ള മുഖംമിനുക്കലല്ല, സമഗ്ര അഴിച്ചുപണിയാണു പലരും ആവശ്യപ്പെടുന്നത്‌. ജില്ലാതലങ്ങളില്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ആരംഭിച്ചു. ആലപ്പുഴ ഡി.സി.സി. അധ്യക്ഷനും അമ്പലപ്പുഴയിലെ സ്‌ഥാനാര്‍ഥിയുമായിരുന്ന എം. ലിജു രാജിവച്ചാണു പ്രതിഷേധമറിയിച്ചത്‌.

കണ്ണൂരിലെ സ്‌ഥാനാര്‍ഥിയും ഡി.സി.സി. അധ്യക്ഷനുമായ സതീശന്‍ പാച്ചേനി, ഇടുക്കി ഡി.സി.സി. അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരും രാജിസന്നദ്ധത അറിയിച്ചു. ജില്ലാതലത്തിലുള്ള ഈ നീക്കങ്ങള്‍ സംസ്‌ഥാനനേതാക്കളും മാതൃകയാക്കണമെന്ന ആവശ്യമാണുയരുന്നത്‌. അരൂരില്‍ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്‌മാനും തൃപ്പൂണിത്തുറയില്‍ കഷ്‌ടിച്ച്‌ കടന്നുകൂടിയ കെ. ബാബുവും നേതൃത്വത്തിനെതിരേ രംഗത്തെത്തി.

നിലവില്‍ ഐ ഗ്രൂപ്പിനുള്ള ഏകപദവിയാണു പ്രതിപക്ഷനേതാവിന്റേത്‌. അതു രമേശ്‌ ചെന്നിത്തല ഒഴിഞ്ഞാല്‍ ഗ്രൂപ്പ്‌ തീര്‍ത്തും ദുര്‍ബലമാകും. അതുകൊണ്ടുതന്നെ എല്ലാ പദവികളിലും അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന. ചെന്നിത്തല പ്രതിപക്ഷനേതൃസ്‌ഥാനം ഒഴിഞ്ഞാല്‍ പകരം നിര്‍ദേശിക്കപ്പെടുന്നതു വി.ഡി. സതീശനാണ്‌. എന്നാല്‍, സതീശനെക്കാള്‍ മുതിര്‍ന്നനേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ പരിഗണിക്കണം എന്നാണ്‌ എ ഗ്രൂപ്പിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ കെ.പി.സി.സി. അധ്യക്ഷപദവിക്കായി ഐ ഗ്രൂപ്പ്‌ പിടിമുറുക്കും. യു.ഡി.എഫ്‌. കണ്‍വീനറായും പുതിയയാള്‍ വരും.

പദവികള്‍ പതിവുപോലെ ഗ്രൂപ്പുകള്‍ക്കു വീതംവയ്‌ക്കുന്നത്‌ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന പൊതുവികാരമാണു പാര്‍ട്ടിയിലുള്ളത്‌. പ്രവര്‍ത്തനസജ്‌ജരായ പുതുനേതൃത്വം വേണമെന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുള്‍പ്പെടെ ആവശ്യപ്പെടുന്നു. പാര്‍ട്ടി നേതൃത്വത്തിലും തലമുറമാറ്റമെന്ന വാദമാണ്‌ ഇവര്‍ ഉന്നയിക്കുന്നത്‌. ദേശീയനേതൃത്വത്തിന്റ ദയനീയാവസ്‌ഥയും പാര്‍ട്ടിയെ അലട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ നാടിളക്കിയുള്ള പ്രചാരണമാണു കോണ്‍ഗ്രസ്‌ നടത്തിയത്‌.

സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ഏറെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്‌തു. എന്നാല്‍, ഈ അനുകൂലഘടകങ്ങളൊന്നും താഴേത്തട്ടിലെത്തിക്കാന്‍ സംഘടനാസംവിധാനം മാത്രം ഉണ്ടായിരുന്നില്ല. കെ.പി.സി.സി, ഡി.സി.സി. തലത്തില്‍ ജംബോ കമ്മിറ്റികളുണ്ടാക്കുന്ന നേതൃത്വം ബൂത്ത്‌ തലത്തില്‍ സംഘടനാസംവിധാനം ശക്‌തമാക്കാന്‍ താത്‌പര്യം കാട്ടിയില്ല. മണ്ഡലം കമ്മിറ്റികള്‍ മിക്കയിടങ്ങളിലുമില്ല.

വി.എം. സുധീരന്‍ കെ.പി.സി.സി. അധ്യക്ഷനായിരിക്കേയാണു ബൂത്ത്‌ മുതല്‍ കെ.പി.സി.സിവരെ പുനഃസംഘടിപ്പിക്കാന്‍ ഒടുവിലൊരു ശ്രമം നടന്നത്‌. അത്‌ അദ്ദേഹത്തിനു പുറത്തേക്കുള്ള വഴിയുമായി! തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്‌, കഴക്കൂട്ടം മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥികളുടെ പോസ്‌റ്ററുകള്‍ ആക്രിക്കടയിലും അഴുക്കുചാലിലും കാണപ്പെട്ടതു പാര്‍ട്ടിയുെട ഇപ്പോഴത്തെ അവസ്‌ഥയ്‌ക്ക്‌ ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടുന്നു.

Top