കണ്ണൂര്‍: സ്പീക്കര്‍ എ.എന്‍.ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. ഷംസീറിനെതിരായ യുവമോര്‍ച്ചയുടെ ഭീഷണിയിലാണ് പി.ജയരാജന്റെ മറുപടി.
ജോസഫ് മാഷിന്റെ അനുഭവം ഓര്‍മിപ്പിച്ചായിരുന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ.ഗണേഷിന്റെ വെല്ലുവിളി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എന്‍.ഷംസീറിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു പരാമര്‍ശം.
ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്.
എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.