കൊച്ചി: കള്ളപ്പണക്കേസില്‍ മുന്‍ എംഎല്‍എ പിവി അന്‍വറിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ ആഴ്ച കൊച്ചിയിലെ സോണല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം. അന്‍വറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
അന്‍വറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരുന്നു. 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കെഎഫ്സി വഴി അന്‍വര്‍ തരപ്പെടുത്തിയെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ ഇഡി വ്യക്തമാക്കിയത്.
സിആര്‍പിഎഫ് സംരക്ഷണത്തോടെ എത്തിയ കൊച്ചി, കോഴിക്കോട് സംയുക്ത സംഘത്തിന്റെ പരിശോധന രാത്രി വരെ നീണ്ടിരുന്നു.അന്‍വര്‍ ലോണെടുത്ത തുക വകമാ?റ്റിയതായി സംശയിക്കുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പില്‍ ഇഡി പറഞ്ഞത്. അന്‍വറിന്റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. മലംകുളം കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്റെ യഥാര്‍ഥ ഉടമ താനാണെന്ന് അന്‍വര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്റയും പേരിലാണ് സ്ഥാപനം.
അന്‍വര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് ലോണെടുത്ത തുക വകമാറ്റിയതായും 2016 ലെ 14.38 കോടി സ്വത്ത് 2021ല്‍ 64.14 കോടിയായി വര്‍ദ്ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്‍കാന്‍ അന്‍വറിനായില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു. കെഎഫ്സി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.


