സിപിഎം കടുത്ത പ്രതിരോധത്തില്‍;പത്മകുമാറിനു പിന്നാലെ കടകംപള്ളി സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന്റെ റഡാറില്‍

പത്തനംതിട്ട: പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി എസ്ഐടിക്കു എ. പത്മകുമാറിന്റെ മൊഴി. സ്വര്‍ണപ്പാളികളെ ചെമ്പുപാളിയാക്കിയത് സര്‍ക്കാരില്‍ നിന്നു ലഭിച്ച നിര്‍ദേശ പ്രകാരമെന്നാണ് മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി വശം പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിട്ടതും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടായിരുന്നു എന്നും പത്മകുമാര്‍ അന്വേഷണ സംഘത്തോടു വ്യക്തമാക്കി എന്നാണ് സൂചന. ‘ഫയല്‍ രൂപത്തിലാണ്’ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം എത്തിയത് എന്ന് പത്മകുമാര്‍ പറഞ്ഞെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഈ ഫയലിന്റെ കോപ്പി ദേവസ്വം ബോര്‍ഡിന്റെ ഔട്ട് വേര്‍ഡ് രജിസ്റ്ററില്‍ ഉണ്ടാവണം. ഈ ഫയല്‍ കണ്ടെത്തിയാല്‍ കേസിന്റെ ഗതി അടിമുടി മാറും. സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലാകും എന്നതും ഉറപ്പാണ്.

ശബരിമല ശ്രീകോവിലില്‍ നിന്നും പാളികള്‍ ഇളക്കാനോ സ്വര്‍ണം പൂശാനോ ദേവസ്വം മന്ത്രി എന്ന നിലയില്‍ തനിക്ക് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ഇതിനു കടകവിരുദ്ധമാണ് പത്മകുമാറിന്റെ മൊഴി. പിണറായി സര്‍ക്കാരിനെ പൂര്‍ണമായി വെട്ടിലാക്കുന്ന പത്മകുമാറിന്റെ മൊഴിയില്‍ കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ സാധ്യത ഏറെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ദൈവതുല്യരായി കരുതുന്ന ആളുകള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ക്കെന്തു ചെയ്യാന്‍ കഴിയും’ എന്ന പത്മകുമാറിന്റെ മുന്‍ പ്രതികരണവും ”എല്ലാം തന്റെ നെഞ്ചില്‍ കെട്ടി വെച്ച് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല” എന്ന അനുബന്ധ വാചകവും സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാര്‍ ഇടപെടലിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു.

നിലവില്‍ പത്മകുമാറിനൊപ്പം എട്ടാം പ്രതിസ്ഥാനത്ത് 2019-ലെ ദേവസ്വം ബോള്‍ഡ് അംഗങ്ങളായ ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരുമുണ്ട്. ശങ്കര ദാസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. എന്‍. വിജയകുമാറിനെ ഇതേവരെ ചോദ്യം ചെയ്തിട്ടില്ല. ശങ്കരദാസിന്റെ അറസ്റ്റിന് തടയിടാന്‍ ഡിഐജിയായ മകന്‍ ചരടുവലി നടത്തുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ പത്മകുമാര്‍ അറസ്റ്റിലായതിനാലും ഹൈക്കോടതിയുടെ നിരീക്ഷണമുള്ളതിനാലും ശങ്കരദാസിന്റെ അറസ്റ്റും അനിവാര്യമായിട്ടുണ്ട്.

 

Top