ന്യുഡൽഹി:ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ കടുത്ത നിലപാടുമായി പാകിസ്താന്‍.ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്നദേശീയസുക്ഷാസമിതി യോഗം തീരുമാനിച്ചു. അതിര്‍ത്തിയില്‍ ജാഗ്രത തുടരാന്‍ കരസേനയോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിര്‍ദേശിച്ചു. ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിനു ശേഷമാണ് കശ്മീർ വിഷയത്തിൽ സ്വീകരിക്കുന്ന നടപടികൾ പാക്കിസ്ഥാൻ വ്യക്തമാക്കിയത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14–ന് കശ്മീരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ദിനമായി ആചരിക്കാന്‍ യോഗത്തിൽ തീരുമാനിച്ചു. സൈനിക മേധാവികൾ ഉൾപ്പെടെയുള്ള ഉന്നതർ യോഗത്തിൽ പങ്കെടുത്തു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പുൽവാമയിലുണ്ടായതുപോലെയുള്ള ഭീകരാക്രമണങ്ങൾക്കും ഇന്ത്യ– പാക്ക് യുദ്ധത്തിനും ഇടയാക്കുമെന്ന് ഇമ്രാൻ ഖാൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. കശ്മീർ വിഷയം ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. ഈ യുദ്ധത്തിൽ ആരും ജയിക്കില്ല. എന്നാൽ, ആഗോള പ്രത്യാഘാതങ്ങളുണ്ടാകും. കശ്മീർ ജനത ഈ നടപടിയെ എതിർക്കുകയും ഇന്ത്യ അത് അടിച്ചമർത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുമെന്നും ഇസ്മാബാദിലുള്ള ഇന്ത്യന്‍ അംബാസിഡറെ ദില്ലിയിലേക്ക് തിരിച്ചയക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.കശ്മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടി ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും ഉന്നയിക്കാനും ആഗസ്റ്റ് 14 ലെ പാകിസ്ഥാന്റെ സ്വാതന്ത്രദിനം കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.