ഛോട്ടാ രാജന്റെ അറസ്റ്റ്: കറാച്ചിയില്‍ ദാവൂദിനു പാക്കിസ്ഥാന്റെ കമാന്‍ഡോ സുരക്ഷ; വീടിനു ചുറ്റും ആയുധധാരികളായ സംഘത്തിന്റെ കാവല്‍

കറാച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനുള്ള സുരക്ഷ പാക്കിസ്ഥാന്‍ വര്‍ധിപ്പിച്ചു. പാക്കിസ്ഥാന്റെ ഏറ്റവും ശക്തമായ കമാന്‍ഡോ സേനയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ ദാവൂദ് കറാച്ചിയിലെ വീട്ടില്‍ കഴിയുന്നത്. ദാവൂദിന്റെ ഏറ്റവും ശക്തമായ എതിരാളി ഛോട്ടാ രാജനെ മലേഷ്യയില്‍ നിന്നും അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പാക്കിസ്ഥാന്‍ സൈന്യവും കമാന്‍ഡോ സംഘവും ചേര്‍ന്ന് ദാവൂദിനു സംരക്ഷണം ഒരുക്കുന്നത്.
മുഖ്യ എതിരാളിയായ ഛോട്ടാരാജന്റെ ലാപ്‌ടോപ്പില്‍ നിന്നും ദാവൂദിന്റെ ഒളിത്താവളവും കറാച്ചിയിലെ രഹസ്യ സങ്കേതങ്ങളും നീക്കങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ സംഘത്തിനു ലഭിച്ചതായി ഇന്ത്യന്‍ പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ദാവൂദിനെ കുടുക്കാനുള്ള രഹസ്യ മാര്‍ഗങ്ങളും ഛോട്ടാരാജന്റെ ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന സൂചനകളുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് പാക്കിസ്ഥാന്‍ സൈന്യം ദാവൂദിനു സുരക്ഷ ശക്തമാക്കിയത്.
കറാച്ചിയിലെയും, ഇസഌമാബാദിലെയും ദാവൂദിന്റെ വീടുകള്‍ക്കു പാക്ക് സൈന്യത്തിന്റെയും കമാന്‍ഡോകളുടെയും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എട്ടു ഘട്ടങ്ങളായുള്ള സുരക്ഷാ വലയമാണ് പാക്ക് സൈന്യം ദാവൂദിനു നല്‍കുന്നത്. 26-11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരരായ ഹാഫീസ് സെയ്ദിനും, സക്കീര്‍ ഉള്‍ റഹ്മാനും സമാന രീതിയിലുള്ള സുരക്ഷയാണ് പാക്ക് സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പാക്കിസ്ഥാനില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ദാവൂദ് താമസിച്ചിരുന്ന പത്തു സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. ദാവൂദിന്റെ ഭാര്യയുടെയും മക്കളുടെയും പാസ്‌പോര്‍ട്ട് വിവരങ്ങളും ദാവൂദിന്റെ വിവിധ ചിത്രങ്ങളും ഇന്ത്യന്‍ സംഘം ശേഖരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനിക സംഘം നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മലേഷ്യന്‍ സംഘം ഛോട്ടാരാജനെ പിടികൂടിയതോടെയാണ് ദാവൂദാണ് അടുത്ത ലക്ഷ്യമെന്നു പാക്ക് സൈന്യം ക്‌ണ്ടെത്തിയത്. തുടര്‍ന്നാണ് ദാവൂദിനു സുരക്ഷ വര്‍ധിപ്പിച്ചത്.

Top