നവാസ് ഷരീഫിന് കുരുക്ക്; അഴിമതിക്കേസിൽ പ്രധാനമന്ത്രി സ്ഥാനം തെറിക്കുന്നു !

ഇസ്‌ലാമാബാദ്: അഴിമതി ആരോപണത്തിൽ കുറ്റാരോപിതനയാ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കി . ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് നവാസ് ഷെരിഫ് അന്വേഷണം നേരിട്ടത്. തൊണ്ണൂറുകളിൽ ഷെരിഫ് നടത്തിയ അഴിമതികളെ കുറിച്ച് പനാമ രേഖകളിൽ പരാമർശമുണ്ടായിരുന്നു ഇതിനെത്തുടർന്ന് മുൻ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു ഷെരീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.

ഇത് മൂന്നാം തവണയാണ് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നവാസ് ഷരീഫിന് സ്ഥാനമൊഴിയേണ്ടി വരുന്നത്. 2018ൽ പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് മുൻപുള്ള ഷരീഫിന്‍റെ രാജി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും. കേസ് മുൻപ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ ഷരീഫ് രാജിവയ്ക്കണമെന്ന് രണ്ടു ജഡ്ജിമാർ വിധിച്ചിരുന്നു. എന്നാൽ ശേഷിച്ച മൂന്ന് ജഡ്ജിമാർ പാനമ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഉത്തരവിട്ടു. ഇതോടെയാണ് അഴിമതിയാരോപണത്തെക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് പരിശോധിച്ച ശേഷം അഞ്ച് ജഡ്ജിമാർ അടങ്ങിയ ഭരണഘടനാ ബെഞ്ച് ഇന്ന് ഏകകണ്ഠമായി വിധി പ്രസ്താവിക്കുകയായിരുന്നു.

കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ നാലു ഫ്ളാറ്റുകൾ ഉൾപ്പെടെയുള്ള അനധികൃത സ്വത്തുസന്പാദിച്ചെന്നാണ് ഷരീഫിനും കുടുംബത്തിനും എതിരായ ആരോപണം. ഷരീഫ് സമർപ്പിച്ച ധനകാര്യ സ്റ്റേറ്റ് മെന്‍റിൽ ഈ സ്വത്തുക്കൾ സംബന്ധിച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചോർന്നു കിട്ടിയ പാനമ രേഖകളിലൂടെയാണ് അനധികൃതസ്വത്തിന്‍റെ വിശദാംശങ്ങൾ പുറത്തായത്.വിധി എതിരാകുമെന്ന് നേരത്തെ മനസിലാക്കിയ ഷരീഫിന്‍റെ പാർട്ടി പ്രതിരോധമന്ത്രി ഖാജാ അസിഫിനെ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

 

Top