പാലായില്‍ മുന്നണികളുടെ ഉറക്കം കെടുത്തി ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി; പരിസ്ഥിതി രാഷ്ട്രീയം ഉയര്‍ത്തി മജു പുത്തന്‍കണ്ടം കറുത്തകുതിരയാകും

പാലാ ഉപതെരെഞ്ഞെടുപ്പിലെ കറുത്തകുതിരയാകാന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി. ജനകീയ മുന്നണി എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ മജു പുത്തന്‍കണ്ടമാണ് ഇടത് വലത് മുന്നണികള്‍ക്ക് തലവേദന സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കുന്നത്. നൂറോളം വരുന്ന പരിസ്ഥിതി പ്രവര്‍ത്തകരുമായി കേഡര്‍ പാര്‍ട്ടി ശൈലിയിലായി തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.

പാലായില്‍ വിവിധ പഞ്ചായത്തുകളിലായി നൂറിലേറെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയുമാണ്. രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി കൂമ്പന്‍ മലകളെ മുച്ചൂടും മുടിച്ച പാറമട മാഫിയ കോട്ടമലയും കൂടി കണ്ണ് വെച്ചതോടെയാണ് ജനങ്ങള്‍ രാഷ്ട്രീയത്തിനതീതമായി സംഘടിച്ചത്. സംഘാടകത്വ മികവില്‍ കേരളത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ച സമരമുറകളാണ് രാമപുരം കാഴ്ചവച്ചത്. ജനങ്ങളുടെ ഐക്യദാര്‍ഢ്യത്തിന് മുന്‍പില്‍ പാറമട മാഫിയയ്ക്ക് ഓടി ഒളിക്കേണ്ടി വന്ന ഗതകാല ചരിത്ര ചൂടില്‍ നിന്നാണ് മജു പുത്തന്‍ കണ്ടമെന്ന സ്ഥാനാര്‍ത്ഥി രൂപം കൊള്ളുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാ നിയോജക മണ്ഡലത്തിലെ ഭരണങ്ങാനം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലായി നാനൂറോളം ഏക്കര്‍ സ്ഥലമാണ് പാറമട മാഫിയ വാങ്ങി കൂട്ടിയിട്ടുള്ളത്. ആ പഞ്ചായത്തിലെയും ജനങ്ങള്‍ തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനായി മജു പുത്തന്‍കണ്ടമെന്ന സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ട്. കടനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ മജു പുത്തന്‍കണ്ടം വലിയ ജനസ്വാധീനം ആര്‍ജ്ജിക്കുന്നുണ്ട്.

ഒരു വോട്ടും ഒരു രൂപയും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ പരിസ്ഥിതി സംരക്ഷണ സ്ഥാനാര്‍ത്ഥി കടന്ന് വരുന്നത്. ഇതിനോടകം തന്നെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റ് മുന്നണികള്‍ക്ക് ഭീഷണിയായി മാറുവാനും മജു പുത്തന്‍ കണ്ടത്തിനായി. നിയോജക മണ്ഡലമാകെ പോസ്റ്ററുകള്‍ നിരന്ന് കഴിഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകരാണ് തങ്ങളുടെ രാഷ്ട്രീയ ചായ്വുകള്‍ പൊട്ടിച്ചെറിഞ്ഞ് മജു പുത്തന്‍ കണ്ടത്തോടൊപ്പം ചേര്‍ന്നിരിക്കുന്നത്.

Top