പാലായിലെ സിസ്റ്റര്‍ ജോസ് മരിയയുടെ മരണവും കൊലപാതകം: മരണം തലയ്ക്കടിയേറ്റെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

പാലാ: ചേറ്റുതോട് ആശ്രമത്തിലെ സിസ്റ്റര്‍ ജോസ് മരിയയുടെ മരണവും തലയ്ക്കടിയേറ്റതിനെ തുടര്‍ന്നെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് സിസ്റ്റര്‍ ജോസ് മരിയയെ കോണ്‍വെന്റിലെ മുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാ ലിസ്യു കോണ്‍വെന്റിലെ സിസ്റ്റര്‍ മരിയയുടെ കൊലപാകത്തിലെ പ്രതി സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജോസ് മരിയയുടെ മരണവും കൊലപാകകമാണെന്നു കണ്ടെത്തിയത്. ഇന്നലെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധംകൊണ്ടുള്ള മുറിവാണ് ഇതെന്നാണ് നിഗമനം
പാലാ ലിസ്യു കോണ്‍െവന്റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബുവാണ് സിസ്റ്റര്‍ ജോസ് മരിയയേയും കൊലപ്പെടുത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പാലാ ഡിവൈ.എസ്.പി. ഡി.എസ്.സുനീഷ് ബാബു നല്‍കിയ അപേക്ഷയില്‍ പാലാ ആര്‍.ഡി.ഒ. സി.കെ.പ്രകാശാണ് പോസ്റ്റുേമാര്‍ട്ടത്തിന് അനുമതി നല്‍കിയത്. മൃതദേഹം പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് അടക്കിയിരുന്നത്.
സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിനെ (81) കഴിഞ്ഞ ഏപ്രില്‍ 17 നാണ് മഠത്തിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സിസ്റ്റര്‍ അമല മരിച്ചപോലെ തലയ്ക്ക് മുറിവേറ്റ് രക്തംവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, പ്രായമായ കന്യാസ്ത്രീ തെന്നിവീണുണ്ടായ മരണമെന്ന് കരുതി മഠം അധികാരികള്‍ പോലീസില്‍ പരാതി നല്കിയിരുന്നില്ല.
നിരവധി മഠങ്ങളില്‍ സതീഷ് ബാബു അന്തേവാസികളെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ചേറ്റുതോട് ഉള്‍െപ്പടെയുള്ള മഠങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തിവരികയാണ്. മോഷണശ്രമത്തിന്റെ ഭാഗമായാണ് ആക്രമണങ്ങള്‍ നടത്തിയത്.

Top