പാലക്കാട്: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ പാലക്കാട് നഗരത്തിലും പോസ്റ്ററുകള്‍. ജീര്‍ണിച്ച നേതൃത്വത്തിന് വിശ്രമം നല്‍കണം. ജനസ്വാധീനമില്ലാത്ത സ്ഥാനമോഹികളെ മാറ്റിനിര്‍ത്തണമെന്നും പോസ്റ്ററില്‍ പറയുന്നു. കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാകുന്നതിനെതിരെ കെപിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യമെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്കാണ് മാറ്റുന്നത്. ഒറ്റുകാരും കള്ളന്‍മാരും പാര്‍ട്ടിയെ നയിക്കേണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. ഇന്ദിരാ ഭവന് മുന്നില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വാഗതമരുളിക്കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
എം.എം. ഹസന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടി ഐസിയുവിലായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കുന്നതിന് തുല്യമാണെന്നാണ് പരിഹാസം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരാനിരിക്കെയാണ് ഇന്ദിരാഭവന് മുന്നില്‍ വിമര്‍ശനങ്ങളുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയരുമെന്നാണ് വിവരം.