പാലാരിവട്ടം പാലം അഴിമതിയിൽ കുരുക്ക് മുറുകി ഇബ്രാഹിം കുഞ്ഞ്: പണമിടപാടും പരിശോധിക്കും.

തിരുവനന്തപുരം:മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനു കുരുക്ക് മുറുകുന്നു .പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ പണമിടപാട്‌ വിജിലൻസ്‌ പരിശോധിക്കും. അദ്ദേഹത്തിന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക്‌ അക്കൗണ്ട്‌ രേഖകളാകും പരിശോധിക്കുക. കേസിൽ പ്രതിചേർത്തശേഷമാകുമിത്‌. ചന്ദ്രിക കൊച്ചി യൂണിറ്റുമായി ബന്ധപ്പെട്ട്‌ ഇബ്രാഹിംകുഞ്ഞ്‌ നടത്തിയ പണമിടപാടും വിജിലൻസ്‌ പരിശോധിക്കും. ഇതേക്കുറിച്ച്‌ അന്വേഷിക്കാൻ ഹൈക്കോടതി വിജിലൻസിന്‌ നേരത്തെ നിർദേശം നൽകിയിരുന്നു. അതിനിടെ ഇബ്രാഹിംകുഞ്ഞിന്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ നോട്ടീസ്‌ നൽകുന്നതിൽ തിങ്കളാഴച തീരുമാനമാകും.

ഇബ്രാഹിംകുഞ്ഞ്‌ പൊതുമരാമത്ത്‌ മന്ത്രിയായ കാലത്ത്‌ നടന്ന പണമിടപാടാകും പ്രധാനമായും പരിശോധിക്കുക. പാലാരിവട്ടം പാലത്തിന്‌ പുറമെ അക്കാലത്ത്‌ പൊതുമരാമത്ത്‌ വകുപ്പിൽ വഴിവിട്ട കാര്യങ്ങൾ നടക്കുന്നതായി വിജിലൻസ്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. ഒമ്പത്‌ കാര്യങ്ങൾ അക്കമിട്ട്‌ നിരത്തിയായിരുന്നു വിജിലൻസ്‌ റിപ്പോർട്ട്‌. യുഡിഎഫ്‌ സർക്കാർ ആ റിപ്പോർട്ട്‌ പൂഴ്‌ത്തുകയായിരുന്നു. അതിനാൽ വിശദമായ അന്വേഷണത്തിനാണ്‌ വിജിലൻസ്‌ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇബ്രാഹികുഞ്ഞിനെ വിജിലൻസ്‌ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. പണമിടപാടുസംബന്ധമായ വിവരങ്ങളും ആരാഞ്ഞിരുന്നു. എന്നാൽ അക്കൗണ്ടുകളുടെ വിശദമായ പരിശോധന നടന്നിരുന്നില്ല. കേസ്‌ രജിസ്‌റ്റർ ചെയ്‌താൽ അക്കൗണ്ട്‌ പരിശോധിക്കാൻ വിജിലൻസിന്‌ തടസ്സമില്ല. ഇക്കാര്യത്തിൽ ബാങ്കിനെയും സമീപിക്കാം.

അതിനിടെ, അഴിമതി നിരോധന നിയമത്തിന്‌ പുറമെ ഗൂഢാലോചന കുറ്റവും ഇബ്രാഹിംകുഞ്ഞിനെതിരെ ചുമത്തിയേക്കും. കരാർ കമ്പനിയായ ആർഡിഎസ്‌ പ്രൊജക്‌ട്‌ എംഡി സുമിത്‌ ഗോയലിന്‌ മൊബലൈസേഷൻ അഡ്വാൻസായി 8.25 കോടിരൂപ അനധികൃതമായി നൽകിയിരുന്നു. ഇതിന്‌ പിന്നിൽ വൻ ഗൂഢാലോചനയാണ്‌ നടന്നത്‌. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ തെളിയിക്കുന്ന രേഖകളും മൊഴിയും വിജിലൻസിന്‌ ലഭിച്ചിട്ടുണ്ട്‌. ഓൺലൈൻ ബാങ്കിടപാട്‌ നടന്നതായി തെളിഞ്ഞാൽ ഐടി ആക്ടും ചുമത്തും.സുമിത്‌ ഗോയലിന്റെ സ്വകാര്യ ലാപ്‌ടോപ്‌ വിജിലൻസ്‌ പിടിച്ചെടുത്തിരുന്നു. ഇവ സിഡാക്കിൽ പരിശോധനയ്‌ക്ക്‌ നൽകിയിരിക്കുകയാണ്‌. പരിശോധന പൂർത്തിയാക്കി റിപ്പോർട്ട്‌ ഉടൻ ലഭ്യമാക്കാൻ അന്വേഷണ സംഘം കത്ത്‌ നൽകും.

Top