ചെങ്ങന്നൂര്‍: ശബരിമലയില്‍ ആചാരം സംരക്ഷിക്കാനെത്തിയ യുവാക്കളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് പന്തളം രാജകുടുംബം. ഇക്കുറി ശബരിമല തീര്‍ത്ഥാടന കാലം നിരാശാജനകമായിരുന്നെന്നും കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ പറഞ്ഞു. അയ്യപ്പഭക്തരെ പൗരന്മാരായി പോലും ബന്ധപ്പെട്ടവര്‍ കണക്കാക്കിയില്ല. ഇത്തവണ ഭക്തര്‍ക്കുള്ളില്‍ ഭീതി ജനിപ്പിക്കുന്ന വിധമാണ് പൊലീസ് നടപടികള്‍ ഉണ്ടായത്.
എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറായ കുറേ യുവാക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ ശബരിമലയില്‍ ആചാരലംഘനം തുടരെ നടന്നേനെ. അയ്യപ്പധര്‍മ്മം കാക്കാന്‍ എത്തിയ ഇവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് കൊട്ടാരത്തിനുള്ളത്. കൊട്ടാരം എന്നും ഭക്തര്‍ക്കൊപ്പമാണ്. ഈ നിലപാടില്‍ ഒരുമാറ്റമില്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.
ശബരിമലയുമായി ബന്ധപ്പെട്ട് കൊട്ടാരം ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ഈ ചര്‍ച്ച നിലവിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റാനുള്ളതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ശശികുമാര വര്‍മ്മ ‘ഫ്‌ളാഷി’നോട് പറഞ്ഞു.