തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, പത്തനംതിട്ട,തൃശൂർ , കാസര്‍ഗോഡ് ലോക്‌സഭാ സീറ്റുകള്‍ ലക്ഷ്യം വെച്ച് വൻ പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയുടെ നീക്കം. ഈ സീറ്റുകളില്‍ വിജയം അപ്രാപ്യമല്ലെന്നു ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ സംസ്ഥാന സന്ദര്‍ശനത്തിനു രാഷ്ട്രീയ പ്രാധാന്യമേറി.രാജ്യത്തിന്റെ വികസനത്തിനു നേതൃത്വം നല്‍കാന്‍ ബി.ജെ.പിക്കേ കഴിയൂവെന്ന സന്ദേശമാകും ഇന്നു കൊല്ലം െബെപാസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നല്‍കുക. പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങിയ െബെപാസ് യാഥാര്‍ഥ്യമാക്കിയത് എന്‍.ഡി.എ. സര്‍ക്കാരാണെന്നു ബി.ജെ.പി. ഊന്നിപ്പറയും. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉദ്ഘാടനം ഇന്നു പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നു കേന്ദ്രത്തില്‍നിന്ന് അപ്രതീക്ഷിത പ്രഖ്യാപനമെത്തിയത്.
ബെപാസ് പൂര്‍ത്തിയാക്കിയതിന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാര്‍ മന്ത്രി നിതിന്‍ ഗഡ്കരിക്കാണു നല്‍കുന്നത്. ഉദ്ഘാടനത്തെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് സന്ദേശത്തില്‍ മോഡിയെയോ ഗഡ്കരിയെയോ പരാമര്‍ശിക്കാതെ സി.പി.എം. തിരിച്ചടിച്ചു. പുറത്തുനിന്നുള്ള ഏജന്‍സിയെ നിയോഗിച്ച നടത്തിയ സര്‍വേയിലാണു വിജയസാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്തിയതും അവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനും തീരുമാനിച്ചത്. വികസനത്തിലൂന്നിയാകും പ്രചാരണം.
മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കു സംവരണം കൊണ്ടുവന്നതിനു കേരളത്തില്‍ വലിയ സ്വീകാര്യതയുണ്ടെന്നു ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. അതേസമയം, ശബരിമല സമരം ഉദ്ദേശിച്ച നേട്ടമുണ്ടാക്കിയില്ലെന്ന വിലയിരുത്തലുണ്ട്. വികസന പ്രഖ്യാപനങ്ങളില്‍ ശബരിമലയെക്കൂടി ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനവും മോഡിയില്‍നിന്നു പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
സ്ഥാനാര്‍ഥികളെപ്പറ്റിയും ചര്‍ച്ചയുണ്ടാകും. ഇടത്-വലത് മുന്നണികളുടെ ഒത്തുകളിയുണ്ടായില്ലെങ്കില്‍ ഏറെ വിജയസാധ്യതയുണ്ടെന്നു കരുതുന്ന തിരുവനന്തപുരത്ത് രാഷ്ട്രീയത്തിനതീതമായി പൊതു സ്വീകാര്യതയുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയായി പരിഗണിച്ചേക്കും. അടുത്തുതന്നെ പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തില്‍ അന്തിമ തീരുമാനമാകും. കൂടുതല്‍ ഊര്‍ജസ്വലമായ മുന്നേറ്റം ലക്ഷ്യമിട്ട് നേതൃതലത്തില്‍ പുനഃസംഘടനയ്ക്കും സാധ്യതയുണ്ട്.