ദില്ലി: അസ്വാരസ്യങ്ങള്‍ കാരണം ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചെന്ന് പാക് ഹൈക്കമ്മീഷന്‍. ഇന്ത്യയുമായി ഒരു വിധത്തിലുമുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ ആലോചിക്കുന്നില്ലെന്ന് പാക് ഹൈക്കമീഷന്‍ അബ്ദുല്‍ ബാസിത് അറിയിച്ചു. ഇന്ത്യയിലെ വിദേശകാര്യ മാധ്യമപ്രവര്‍ത്തകരുടെ ക്ലബ്ബില്‍ ജമ്മു-കാശ്മീര്‍ വിഷയത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎക്ക് പാകിസ്ഥാനിലേക്ക് പ്രവേശിക്കാനാകില്ലെന്നും ബാസിത് അറിയിച്ചു. ഇന്ത്യയുമായി നിലവിലുള്ള ചര്‍ച്ചകളെല്ലാം മരവിച്ച അവസ്ഥയിലാണ്. സമഗ്ര ചര്‍ച്ചകള്‍ ഉപേക്ഷിക്കാനാണ് തീരുമാനം. ഇങ്ങനെയൊരു തീരുമാനത്തിലെത്തിക്കാന്‍ കാരണം ഇന്ത്യയാണെന്നും ബാസിത് പറയുകയുണ്ടായി.
കാശ്മീര്‍ പ്രശ്‌നമാണ് സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെയ്ക്കാന്‍ പ്രധാന കാരണമായത്. പാക് അന്വേഷണ സംഘത്തിന് ഇന്ത്യ എല്ലാ സഹായവും നല്‍കുകയും പത്താന്‍കോട്ട് സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള എന്‍ഐഎ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും പ്രഖ്യാപിച്ചതാണ്. ഇതിനിടയിലാണ് പാക് ഇങ്ങനെയൊരു തീരുമാനം എടുത്തത്. എന്നാല്‍, ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പാക് സംഘം ഇന്ത്യയില്‍ വന്നത് ഇന്ത്യന്‍ സംഘത്തിന് അനുമതി നല്‍കാമെന്ന ധാരണയോടെയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇന്ത്യയുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഇതിനു വിഘാതമായി നില്‍ക്കുന്നത് കാശ്മീര്‍ പ്രശ്‌നമാണ്. കാശ്മീരിലെ ജനങ്ങളുടെ ആവശ്യമനുസരിച്ച് പരിഹാരമാണ് കണ്ടെത്തേണ്ടത്. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനും പ്രശ്‌നങ്ങളുണ്ടാക്കാനുമുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കാനാകില്ലെന്നും ബാസിത് പറയുന്നു.