ബിജെപി സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാന്‍ ശ്രമിക്കുന്നതായി പ്രവീണ്‍ തൊഗാഡിയ; ബിജെപി വിഎച്ച്പി തര്‍ക്കം തലവേദനയായി സംഘപരിവാര്‍

ന്യൂഡല്‍ഹി: ബിജെപി ഭരണകൂടത്തിനെതിരെ വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നു വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ്. കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലാതിരുന്ന തൊഗാഡിയയെ ഒരു പാര്‍ക്കില്‍ ബോധ രഹിതനായ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അവശനായ തൊഗാഡിയയെ ഉടന്‍തന്നെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്നു കാര്യങ്ങള്‍ വിശദീകരിക്കാന്‍ തൊഗാഡിയ തന്നെ നേരിട്ടു മാധ്യമങ്ങള്‍ക്കു മുന്‍പിലെത്തുകയായിരുന്നു. ഡ്രിപ്പ് കൈയില്‍ കുത്തി, വീല്‍ചെയറില്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ തൊഗാഡിയ വികാരഭരിതനായാണു സംസാരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ദശകത്തോളം പഴക്കമുള്ള കേസിന്റെ പേരിലാണു തന്നെ ലക്ഷ്യമിടുന്നത്. തന്റെ ശബ്ദം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. രാജസ്ഥാന്‍ പൊലീസാണ് അറസ്റ്റ് ചെയ്യാനെത്തിയത്. രാജസ്ഥാനും ഗുജറാത്തും ഭരിക്കുന്നതു ബിജെപിയാണ്. തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് ഒരാള്‍ പറഞ്ഞു – പ്രവീണ്‍ തൊഗാഡിയ വാര്‍ത്താസമ്മളനത്തില്‍ വ്യക്തമാക്കി.

പത്തുവര്‍ഷം മുന്‍പു രാജസ്ഥാനില്‍ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നല്‍കിയെന്ന കേസില്‍ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ അറസ്റ്റ് വാറന്റുമായി രാജസ്ഥാന്‍ പൊലീസ് ഞായറാഴ്ച അഹമ്മദാബാദില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ കാണാതായതു വിഎച്ച്പി – ബിജെപി സംഘര്‍ഷത്തിനും വഴിതുറന്നു.

ഇതിനിടെ, അഹമ്മദാബാദില്‍ വിഎച്ച്പി ആസ്ഥാനത്തുനിന്നു രാജസ്ഥാന്‍ പൊലീസ് സംഘം പ്രവീണ്‍ തൊഗാഡിയയെ കസ്റ്റഡിയിലെടുത്തു സോല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിനു ശേഷമാണു രാവിലെ പത്തു മണിയോടെ തൊഗാഡിയയെ കാണാതായത്. താടി വച്ചൊരാള്‍ക്കൊപ്പം തൊഗാഡിയ ഓട്ടോറിക്ഷയില്‍ പോകുന്നതു കണ്ടതായും വിഎച്ച്പി പ്രവര്‍ത്തകര്‍ പറയുന്നു. തൊഗാഡിയയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു സോല പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രകടനവും നടത്തി.

അതേസമയം, സംഘപരിവാറിനു തലവേദനയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രവീണ്‍ തൊഗാഡിയയുമായുള്ള വൈരം മൂര്‍ച്ഛിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില ബിജെപി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ തൊഗാഡിയ ശ്രമിച്ചതായി നരേന്ദ്ര മോദി തെളിവുകള്‍ സഹിതം ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന്, വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു തൊഗാഡിയയെ നീക്കണമെന്ന മോദിയുടെ ആവശ്യം ആര്‍എസ്എസ് നേതൃത്വം അംഗീകരിച്ചെങ്കിലും ഭുവനേശ്വറില്‍ നടന്ന സമ്മേളനത്തില്‍ തൊഗാഡിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആര്‍എസ്എസും മോദിയും പിന്തുണച്ച പാനലിനെ വന്‍ ഭൂരിപക്ഷത്തോടെ തോല്‍പിച്ചാണു തൊഗാഡിയയുടെ പാനല്‍ ജേതാക്കളായത്.

വിഎച്ച്പിയില്‍ ആധിപത്യം തെളിയിച്ച പ്രവീണ്‍ തൊഗാഡിയയെ രാജസ്ഥാനില്‍ ജയിലില്‍ അടയ്ക്കാന്‍ നരേന്ദ്ര മോദി കരുക്കള്‍ നീക്കുന്നുവെന്നാണ് ആരോപണം. പത്തു വര്‍ഷം മുന്‍പു രാജസ്ഥാനില്‍ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നല്‍കിയെന്ന കേസില്‍ അറസ്റ്റ് വാറന്റുമായി തൊഗാഡിയയെ കസ്റ്റഡിയിലെടുക്കാനാണു രാജസ്ഥാന്‍ പൊലീസ് സംഘം ശ്രമിക്കുന്നത്. ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പത്തു വര്‍ഷം മുന്‍പത്തെ കേസു പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നിരിക്കെ ബോധപൂര്‍വം തൊഗാഡിയയെ ജയിലില്‍ അടയ്ക്കാന്‍ അണിയറ നീക്കം നടക്കുന്നതായാണു വിഎച്ച്പി നേതൃത്വം ആരോപിക്കുന്നത്.

Top