ജലക്ഷാമത്തിന് പരാഹവുമായി നെടുങ്കണ്ടത്തെ ജനകീയ കൂട്ടായ്മ; ഉപയോഗശൂന്യമെന്ന് കരുതിയിരുന്ന ജലം കുടിവെള്ളമാക്കി

നാടെങ്ങും കടുത്ത ജലക്ഷാമം അനുഭവിക്കുന്ന സമയമാണ്. വരള്‍ച്ചയെ എങ്ങനെ നേരിടുമെന്നറിയാതെ സര്‍ക്കാരും കുഴങ്ങുകയാണ്. എന്നാല്‍ ഈ വരള്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ പുതിയൊരു ഉപായവുമായി എത്തിയിരിക്കുകയാണ് നെടുങ്കുന്നം പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ ഒരു കൂട്ടം ആള്‍ക്കാര്‍.

വരണ്ടുണങ്ങി കിടന്നിരുന്ന കിണറുകളില്‍ പലതിലും ഇരുട്ടിവെളുത്തപ്പോള്‍ നിറയെ വെള്ളം. പ്രകൃതിയുടെ അത്ഭുത പ്രതിഭാസം വല്ലതുമാണോയെന്ന ചിന്തയായി പലര്‍ക്കും. പക്ഷേ, ഇക്കുറി അത്ഭുതം സൃഷ്ടിച്ചത് പ്രകൃതിയല്ല മറിച്ച് മനുഷ്യന്‍ തന്നെയായിരുന്നു. വേനല്‍ കടുക്കും മുമ്പുതന്നെ നെടുങ്കുന്നം പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ കിണറുകളെല്ലാം വറ്റിവരണ്ടതോടെ പഞ്ചായത്തിലെ ജനകീയ കൂട്ടായ്മയിലൂടെയാണ് സംസ്ഥാനത്ത് മറ്റിടങ്ങളിലും മാതൃകയാക്കാവുന്ന പ്രവര്‍ത്തനത്തിലൂടെ ഈ അത്ഭുതം സൃഷ്ടിച്ചിട്ടുള്ളത്. കുടിവെള്ള ക്ഷാമത്താല്‍ പൊറുതിമുട്ടുന്ന ഏതൊരു പഞ്ചായത്തിനും അനുകരിക്കാവുന്ന പദ്ധതിയാണ് നടപ്പായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേനല്‍ കടുത്തതോടെ ഒന്നാം വാര്‍ഡിലെ മിക്ക ജലാശയങ്ങളും വറ്റിവരണ്ടു. ഈ പ്രദേശത്തു ജലസമൃദ്ധി നല്‍കിയിരുന്നത് കാവുന്നട മാന്തുരുത്തി വലിയ തോടും അനുബന്ധ ഇടത്തോടുകളുമായിരുന്നു. അവയിലും തുള്ളിവെള്ളമില്ലാത്ത സ്ഥിതിയായി. എന്തു ചെയ്യണമെന്നറിയാതെ ജനം വിഷമിക്കുന്നതിനിടയിലാണ് ഒന്നാം വാര്‍ഡില്‍ വടക്കന്‍വല കല്ലോലി റോഡില്‍ ഊത്തപ്പാറ ഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ പാറമടക്കുളം ചിലരുടെ ശ്രദ്ധയില്‍ വരുന്നത്.

വര്‍ഷങ്ങളോളം പാറ പൊട്ടിച്ച് എടുത്ത ഇവിടെ ഒന്നര ഏക്കര്‍ വിസ്തൃതിയില്‍ വന്‍ കുളമാണിപ്പോള്‍. നിറയെ വെള്ളം. അപ്പോഴാണ് ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്ത ചിലരില്‍ വന്നത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒന്നാം വാര്‍ഡ് മെംബര്‍ ജോ ജോസഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒന്നുചേര്‍ന്നു പാറക്കുളത്തില്‍ മോട്ടോര്‍ വച്ച് ഈ ഭാഗത്തെ തോടുകളിലേക്കു വെള്ളം പമ്പു ചെയ്തു. തലേദിവസം വൈകുന്നേരം നാലു മുതല്‍ പിറ്റേന്നു പുലര്‍ച്ചെ നാലുവരെ ഇപ്രകാരം തോട്ടിലേക്കു വെള്ളം തുടര്‍ച്ചയായി പമ്പു ചെയ്തതിനെ തുടര്‍ന്ന് തോടുകളിലൂടെ ജലം കുതിച്ചൊഴുകി.
ഇതിന് പിന്നാലെയാണ് ആ അത്ഭുതമെത്തുന്നത്. രാവിലെയായപ്പോള്‍ തോടുകള്‍ക്ക് സമീപത്തെ വീടുകളിലെ കിണറുകളിലെല്ലാം തെളിനീര്‍ നിറഞ്ഞു. വലിയ മോട്ടോര്‍ വച്ച് പന്ത്രണ്ടുമണിക്കൂറോളം വെള്ളം പമ്പു ചെയ്തിട്ടും ഒരടി മാത്രമാണ് പാറക്കുളത്തിലെ ജലനിരപ്പ് താണത്. എന്തായാലും ഇതോടെ ജനങ്ങള്‍ പഞ്ചായത്തിലാകെ വലിയ ഉത്സാഹത്തിലാണ്. ഈ വേനല്‍ കടുത്താലും വെള്ളക്ഷാമത്തില്‍ നിന്ന് രക്ഷനേടാമെന്ന് അവര്‍ക്കിപ്പോള്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ഈ സംഭവം.

നെടുങ്കുന്നം പഞ്ചായത്തില്‍ മാത്രം 12ഓളം വലിയ പാറക്കുളങ്ങള്‍ ഉണ്ട്. ഇവയിലെല്ലാം ലക്ഷക്കണക്കിനു ക്യൂബിക് അടി വെള്ളവും ഉണ്ട്. ഈ പാറക്കുളങ്ങളില്‍നിന്നു സമീപത്തെ തോടുകളിലേക്കു വെള്ളം പമ്പുചെയ്താല്‍ ഭൂമിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അത് വഴിവയ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അവര്‍. കൂടുതല്‍ കുളങ്ങളിലേക്കു പരീക്ഷണം വ്യാപിപ്പിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു.
സംസ്ഥാനത്തൊട്ടാകെ വരള്‍ച്ച അതി രൂക്ഷമായി മാറിയിരിക്കുകയാണ്. സമാനമായ രീതിയില്‍ എന്നും അപകടങ്ങളിലും മുങ്ങിമരണങ്ങളിലും മാത്രം വാര്‍ത്തയില്‍ ഇടംപിടിക്കുന്ന ധാരാളം ക്വാറിക്കുളങ്ങള്‍ സംസ്ഥാനത്തെമ്പാടുമുണ്ട്. അവയിലെല്ലാം ഇതേപോലെ വെള്ളം നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. അതിനാല്‍ കിണറുകളില്‍ ശുദ്ധജലം കിട്ടാന്‍ ഈ നെടുങ്കുന്നം മാതൃക മറ്റിടങ്ങളിലും പരീക്ഷിക്കപ്പെടുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

Top