മേല്‍വസ്ത്രം ധരിക്കാതെ അര്‍ധനഗ്നരായി ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലെത്തിയ യുവതികള്‍; പ്രതിഷേധ സൂചകമായ ഫ്‌ളാഷ് മോബിന് വന്‍ ജനപങ്കാളിത്തം

ലണ്ടന്‍: നിരവധി യുവതികളാണ് ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലേക്ക് മേല്‍വസ്ത്രം ധരിക്കാതെ അര്‍ധനഗ്നരായെത്തിയത്. യാതൊരു മടിയും കൂടാതെ വേദിയിലേക്ക് കുതിച്ചെത്തിയ ഒരു കൂട്ടം യുവതികളെ കണ്ട് വന്‍ ജനക്കൂട്ടമാണ് ഇവിടെയെത്തിയത്. വെറുതെ ആയിരുന്നില്ല ഇവര്‍ മേല്‍വസ്ത്രം ധരിക്കാതെ എത്തിയത്. മൃഗങ്ങളുടെ ശരീരഭാഗം ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ മനുഷ്യര്‍ ധരിക്കുന്നതിനെതിരായുള്ള പ്രതിഷേധമായിരുന്നു യുവതികള്‍ ഫ്‌ളാഷ് മോബ് പോലെ സംഘടിപ്പിച്ചത്. വേഗന്‍ പ്രതിഷേധക്കാര്‍ പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടിയാണ് ഇങ്ങനെ അര്‍ധനഗ്നരായി വേദിയിലെത്തിയത്. നിങ്ങള്‍ സ്വന്തം തൊലി ധരിക്കുക എന്ന മുദ്രാവാക്യം ശരീരത്ത് പെയിന്റ് കൊണ്ട് എഴുതി വെയ്ക്കുകയും ചെയ്തിരുന്നു. മൃഗങ്ങളുടെ തൊലി, രോമം, മറ്റ് ശരീരഭാഗങ്ങള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനായിരുന്നു ഇവര്‍ ഈ പ്രതിഷേധത്തിലൂടെ ആഹ്വാനം ചെയ്തിരുന്നത്. വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോര്‍ സ്റ്റുഡിയോക്ക് പുറത്തായിരുന്നു പ്രതിഷേധം. വസ്ത്രത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ശരിയായ നടപടിയല്ലെന്നാണ് സംഘടനയുടെ ഡയറക്ടര്‍ എലിസ അല്ലെന്‍ പ്രതികരിച്ചത്. നൂതനവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ വേഗന്‍ തുണിത്തരങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടും മൃഗങ്ങളെ ഉപയോഗിച്ചുള്ള തുണിത്തരങ്ങള്‍ ധരിക്കുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണവുമില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യരുടെ ഈ പ്രവര്‍ത്തിയെ പേടിച്ച് മിക്ക മൃഗങ്ങളും മാളങ്ങളിലും ഗുഹകളിലും ഒതുങ്ങി ജീവിക്കുകയാണെന്നും സംഘടന അഭിപ്രായപ്പെടുന്നു. വിഷംവച്ചും ഗ്യാസ് പ്രയോഗത്താലും വൈദ്യുതി ഏല്‍പ്പിച്ചും കഴുത്ത് മുറിച്ചുമാണ് വെറും വസ്ത്രത്തിന് വേണ്ടി മനുഷ്യര്‍ മൃഗങ്ങളെ കൊല്ലുന്നതെന്നും പേറ്റ പ്രതിഷേധത്തോടെ ഉയര്‍ത്തിക്കാട്ടുന്നു. തൊലിക്ക് വേണ്ടി കന്നുകാലികളെ കൊല്ലുന്നത് വേദന അനുഭവിപ്പിച്ചാണെന്നും ഈ ഗ്രൂപ്പ് വ്യക്തമാക്കുന്നു.

Top