ഗണേഷ് കൈലാസിന് ഒന്നാം സ്ഥാനം..

 

ലോക കേരള മാധ്യമ സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രവാസക്കാഴ്ച്ച ആഗോള ഫോട്ടോഗ്രഫി മത്സരത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള ഗണേഷ് കൈലാസ് ഒന്നാം സമ്മാനത്തിനര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമ്മാനം. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍.കരുണ്‍ ചെയര്‍മാനായ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ജീവിതവും അവര്‍ കണ്ട കാഴ്ചകളുമായിരുന്നു മത്സരവിഷയം. 34 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസജീവിതം നയിക്കുന്ന പടിക്കലക്കണ്ടി അബ്ദുല്‍ റഹ്മാന്‍ എന്ന അറുപതുകാരനും അദ്ദേഹത്തിന്റെ സന്തതസഹചാരിയായ സൈക്കിളുമാണ് ഒന്നാം സമ്മാനാര്‍ഹമായ ചിത്രം. ഗള്‍ഫ് ജീവിതത്തിലെ ആദ്യസ്വത്തായ സൈക്കിള്‍ ഇന്നും പൊന്നുപോലെ റഹ്മാന്‍ സൂക്ഷിക്കുന്നു. തനിക്കാവില്ലെന്ന് കരുതുന്ന റിപയറുകള്‍ക്ക് മാത്രമേ ബംഗാളി സ്വദേശിയായ ഷെഫീഖിനെ ആശ്രയിക്കാറുള്ളൂ. റഹ്മാനും ഈ ഇരുചക്രവാഹനവും എടുത്തുകാണിച്ച പ്രവാസജീവിത ത്തിലെ അപൂര്‍വ്വതയ്ക്കാണ് വടകര സ്വദേശിയായ ഗണേഷ് കൈലാസിനെ സമ്മാനാര്‍ഹനാക്കിയത്.


അമേരിക്കയിലെ പച്ചപരവതാനി വിരിച്ചപോലെ മനോഹരമായ വിശാലമായ കൃഷിയിടത്തിന്റെ ചിത്രം അയച്ച കാനഡയിലെ വാന്‍കൂവറില്‍ നിന്നുള്ള അജയ് തോമസ് രണ്ടാം സ്ഥാനം നേടി. 20,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് സമ്മാനം. ഈ ചിത്രത്തിന്റെ ഫ്രെയിമിങ്ങും നിറങ്ങളുടെ മിഴിവും ഇതില്‍ നിറയുന്ന പച്ചപ്പ് നല്‍കുന്ന അനുഭൂതിയും ചേര്‍ന്നൊരുക്കിയ ദൃശ്യാനുഭവം ചിത്രം പകരുന്നുവെന്ന് ജൂറി വിലയിരുത്തി.
പ്രവാസത്തിന്റെ നൊമ്പരം എടുത്തുകാട്ടുന്ന ചിത്രം പകര്‍ത്തിയ ഖത്തറിലെ ഷിറാസ് അഹമ്മദിനാണ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന മൂന്നാം സമ്മാനം. നാട്ടില്‍ വിഷു ആഘോഷിക്കുന്ന മകളെ മൊബൈല്‍ ഫോണിലൂടെ കണ്ടുകൊണ്ടിരിക്കുന്ന ഖത്തറിലെ മലയാളി പ്രവാസിയുടെ ചിത്രമാണ് കോഴിക്കോടുകാരനായ ഷിറാസിന് സമ്മാനം നേടിക്കൊടുത്തത്. 2014ലെ ലിബിയന്‍ യുദ്ധത്തില്‍ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരില്‍ ഒരാളായ റോസ്മിന്‍ സഹോദരനായ റോബിനെ കൊച്ചി വിമാനത്താവളത്തില്‍ കണ്ടുമുട്ടിയപ്പോഴുള്ള ദൃശ്യം പകര്‍ത്തിയ ഡെക്കാണ്‍ ക്രോണിക്കലിന്റെ ഫോട്ടോഗ്രാഫര്‍ അരുണ്‍ ചന്ദ്രബോസിന് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രോത്സാഹന സമ്മാനം ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top